പൊതുമേഖല സ്ഥാപനമായ മലപ്പുറം എടരിക്കോട് ടെക്സ്റ്റൈല്‍സില്‍ ലേ ഓഫിനെത്തുടര്‍ന്നുള്ള പ്രതിസന്ധി രൂക്ഷമായി. നൂലുണ്ടാക്കാനുള്ള പരുത്തിയുടെ ലഭ്യതക്കുറവും കെട്ടിക്കിടക്കുന്ന നൂല്‍ വിറ്റുപോകാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ഒന്നരമാസത്തെ ശമ്പള കുടിശിക തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുണ്ട്.
പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ഫെബ്രുവരി മുതലാണ് ടെക്സ്റ്റൈല്‍സില്‍ ലേ ഓഫ് പ്രഖ്യാപിച്ചത്. ഫെബ്രുവരി മാസത്തെ പകുതിയും മാര്‍ച്ചിലെ മുഴുവന്‍ ശമ്പളവുമാണ് തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും നടന്നില്ല.
നാല്‍പ്പത് ലക്ഷത്തിലധികം രൂപയുടെ നൂല്‍ വിറ്റുപോകാതെ കെട്ടിക്കിടക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് രണ്ട് ലോഡ് നൂല്‍ വില്‍ക്കാന്‍ സാധിച്ചതോടെയാണ് ജനുവരിയിലെ വേതനം വിതരണം ചെയ്യാനായത്. മുടങ്ങിയ ശമ്പളം, പിഎഫ് ഗ്രാറ്റുവിറ്റി കുടിശ്ശിക, കെഎസ്ഇബിക്ക് നല്‍കാനുള്ള തുക എന്നിവയുള്‍പ്പെടെ പതിനാല് കോടി രൂപയുടെ ബാധ്യതയാണ് സ്ഥാപനത്തിലുള്ളത്.