biennale

കടുത്ത സാമ്പത്തിക പ്രതിസന്ധി ബാക്കിനിര്‍ത്തി കൊച്ചി ബിനാലെയുടെ അഞ്ചാം പതിപ്പിന് തിങ്കളാഴ്ച കൊടിയിറക്കം. ഏഴ് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്‍റ് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടും നാല് കോടി ഇരുപത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാതെ അടുത്ത ബിനാലെയെ കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്നും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സ്ഥാപക പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി മനോരമ ന്യൂസിനോട് പറഞ്ഞു. ബിനാലെ ഫൗണ്ടേഷനില്‍ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു.

 

സിംഗപ്പൂരില്‍നിന്നുള്ള ആര്‍ട്ടിസ്റ്റ് ഷുബിഗി റാവു ക്യുറേറ്ററായ ബിനാലെയുടെ അഞ്ചാം പതിപ്പിന് അവസാനമാകുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ്. പതിനാല് വേദികളിലായി ഒമ്പത് ലക്ഷത്തോളം പേരാണ് ഇക്കുറി ബിനാലെ കണ്ടത്. നാലാം പതിപ്പ് കണ്ട ആറ് ലക്ഷം പേരില്‍നിന്ന് കോവിഡ് തീര്‍ത്ത ഇടവേളയ്ക്കുശേഷമെത്തിയ ബിനാലെയുടെ അഞ്ചാം പതിപ്പിന് വന്‍ വരവേല്‍പ് ലഭിച്ചുവെന്ന് ചുരുക്കം. എന്നാല്‍ ടിക്കറ്റ് നിരക്ക് കൊണ്ടു മാത്രം തീര്‍ക്കാന്‍ കഴിയാത്ത ബാധ്യതകളുടെ ചുമടുമായാണ് ബിനാലെയുടെ കൊടിയിറക്കം. മുന്‍ ബിനാലെകളിലൊക്കെയുണ്ടായ സാമ്പത്തിക ബാധ്യതകളുടെ തുടര്‍ച്ചയെന്നോണം ശമ്പളയിനത്തിലും നിത്യചെലവിനും രാജ്യാന്തര പ്രതിഷ്ഠാപനങ്ങളുടെ പോക്കുവരവിനുമായി കോടികളാണ് ചെലവ്. പലര്‍ക്കും നല്‍കേണ്ട പണം കുടിശികയാണ്. ഇതിനിടെ ആശ്വാസമായി മാറേണ്ട സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റായ ഏഴുകോടി രൂപയില്‍ ആകെ ലഭിച്ചതാകട്ടെ 4.2കോടിയും.

 

അടുത്ത ബിനാലെയെ കുറിച്ച് ആലോചിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.  കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ ഉടച്ചുവാര്‍ക്കല്‍ വേണമെന്ന് സ്വന്തം സ്ഥാനങ്ങളിലെ അനിവാര്യമായ മാറ്റവുംകൂടി ചൂണ്ടിക്കാട്ടി ബോസ് കൃഷ്ണമാചാരി പറഞ്ഞു.