അട്ടപ്പാടി മധു വധക്കേസിൽ നീതിക്കായുള്ള മാധ്യമങ്ങളുടെ പങ്കിനെ പ്രശംസിച്ച് മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ കോടതി. മധുവിന് നീതി ലഭ്യമാക്കാൻ ഉണ്ടായ മാധ്യമങ്ങളുടെ ശ്രമങ്ങൾ പരാമർശിക്കാതിരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞാണ് കോടതിയുടെ പരാമര്‍ശം. 

മധുവിന് നീതി ലഭ്യമാക്കാൻ ഉണ്ടായ മാധ്യമങ്ങളുടെ സംഭാവനകൾ പരാമർശിക്കാതിരിക്കുന്നത് ശരിയല്ല, ഒരുപക്ഷേ, മാധ്യമങ്ങൾ ഈ സംഭവത്തിന് പ്രാധാന്യം നൽകിയില്ലായിരുന്നുവെങ്കിൽ ഈ കേസ് ഇങ്ങനെ അവസാനിക്കുമായിരുന്നില്ല. വാസ്തവത്തിൽ സംഭവത്തിന് പിന്നാലെ മാധ്യമങ്ങൾ മധു കേസിന് നൽകിയ പ്രാധാന്യമാണ് അധികാരികളേയും ഈ കേസ് കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളേയും വേഗത്തിലാക്കിയത് എന്നും കോടതി പറയുന്നു. 

മധു കേസിലെ വിധിന്യായത്തിൽ നിന്ന്

 

മധുവിന് നീതി ലഭ്യമാക്കുന്നതിൽ മാധ്യമങ്ങൾ പ്രധാന പങ്കുവഹിച്ചു എന്നത് കോടതി അം​ഗീകരിക്കുന്നു എന്നു പറഞ്ഞാണ് കോടതിയുടെ പ്രസ്താവന അവസാനിക്കുന്നത്. വിധിപ്രസ്താവനയിലെ 440ാം പേജിലാണ് മാധ്യമങ്ങളെ കുറിച്ചുള്ള ഈ പരാമർശം.

 

അരി മോഷ്ടിച്ചെന്ന പേരില്‍ 2018 ഫെബ്രുവരി ഇരുപത്തി രണ്ടിന് മുക്കാലിയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കിടെ മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. നിര്‍ണായക സാക്ഷികളുടെ കൂറുമാറ്റം ഉള്‍പ്പെടെ ഒട്ടേറെ പ്രതിസന്ധികള്‍ അതീജീവിച്ച് അഞ്ചുവര്‍ഷത്തിനുശേഷമാണ് കേസില്‍ വിധിയുണ്ടായത്. 129 സാക്ഷികളില്‍ 100 പേരെയാണ് കോടതി വിസ്തരിച്ചത്. ഇതില്‍ ഇരുപത്തി നാലുപേര്‍ കൂറുമാറി. ഭീഷണിയെത്തുടര്‍ന്ന് മധുവിന്റെ കുടുംബത്തിനും സാാക്ഷികള്‍ക്കും പൊലീസ് സുരക്ഷ നല്‍കിയാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കിയത്. 16 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. 

 

കേരളത്തിൽ അരങ്ങേറിയ ദാരുണമായ സംഭവം മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് കേരളം ഒന്നടങ്കം മധുവിന് നീതി തേടി രംഗത്തെത്തിയത്. നീതി തേടിയുള്ള വഴിയിൽ തടസങ്ങളും ഒരുപാടായിരുന്നു.

 

Special Cour for SC/ST Mannarkkad acknowledge media's involvement in Madhu Case