elephant-potest

TAGS

അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ മുന്നണിയിൽ വേദനിക്കുന്ന ഓർമ്മകളുമായെത്തിയ ചിലരുണ്ട്. കൊമ്പന്മാരുടെ ആക്രമണത്തിൽ പിതാവിനെ നഷ്ടപ്പെട്ടവരും ചവിട്ടേറ്റ് ശാരീരിക പ്രശ്നങ്ങളുമായി ജീവിക്കുന്നവരും കിടപ്പാടം നഷ്ടപ്പെട്ടവരുമാണ് അവർ. പേടി സ്വപ്നമായ അരിക്കൊമ്പനെ ഇനിയും ഈ നാട്ടിൽ നിർത്തരുതെന്നാണ് ഒരേ സ്വരത്തിൽ ഇവർ പറയുന്നത്.

 

കരഞ്ഞ് കണ്ണീര് വറ്റിയവരാണ്. ഓർമകൾക്ക് മുമ്പിൽ അവരിപ്പോഴും അറിയാതെ വിതുമ്പിപ്പോവുകയാണ്. എല്ലാം അരിയെന്നും ചക്കയെന്നും ചുരുക്കപ്പേരിട്ട് വിളിക്കുന്ന കൊമ്പന്മാർ വരുത്തിവെച്ചതാണ്. തലക്കുളം സ്വദേശി സാമുവേലിന്റെ മക്കളാണിത്. ഇവരുടെ അപ്പനെ കൊന്നത് ചക്കക്കൊമ്പനാണ്.. മൂലത്തുറ സ്വദേശി ജയ മുതുകിൽ വലിയൊരു പാടുമായി നടക്കാൻ തുടങ്ങിയിട്ട് വർഷം പത്ത് പിന്നിട്ടു. അരിക്കൊമ്പൻ ചവിട്ടിമെതിച്ചതാണ്. ഭിന്നശേഷിക്കാരനായ മകനുമായി കയറിക്കിടക്കാൻ ചൂണ്ടൽ സ്വദേശി മാരിമുത്തുവിനുണ്ടായിരുന്നത് ഒരേയൊരു വീട്. കാട്ടുകൊമ്പൻ അതും തകർത്തു. ഇക്കഴിഞ്ഞ മാസമായിരുന്നു അത്. അരിക്കൊതിയൻ കാരണം ആ കുടുംബം വഴിയാധാരമായി.

 

സാമുവലും മക്കളും, ജയയും മാരിമുത്തുവുമൊക്കെ കൊമ്പന്മാരുടെ ക്രൂരതയ്ക്ക് ഇരകളായവരിൽ ചിലർ മാത്രം. എണ്ണാൻ ഇനിയുമേറെ പേരുണ്ടീ നാട്ടിൽ. ഒടുവിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചർ ശക്തിവേലിന്റെ കുടുംബവും സമരത്തിന്റെ മുന്നിലുണ്ട്. അവരല്ലാതെ ആരാണ് ഈ സമരപ്പന്തലിൽ ഇരിക്കാൻ ഏറ്റവും യോഗ്യർ !