സംസ്ഥാന പൊലീസ് മേധാവിയാകാന്‍ യോഗ്യരായ എട്ട് പേരും താല്‍പര്യം അറിയിച്ചതോടെ സ്ഥാനത്തിനായി മല്‍സരം കടുക്കുന്നു. മുഴുവന്‍ ഉദ്യോഗസ്ഥരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി സംസ്ഥാനം അടുത്ത ആഴ്ച പട്ടിക കേന്ദ്രത്തിന് കൈമാറും. അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ കെ.പത്മകുമാറും ഷെയ്ഖ് ദര്‍ബേഷ് സാഹിബും തമ്മിലാവും പ്രധാന മല്‍സരമെന്നാണ് വിലയിരുത്തല്‍.

 

സംസ്ഥാന സര്‍വീസിലെ അഞ്ച് പേര്‍, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള 3 പേര്‍. സര്‍വീസ് അനുസരിച്ച് ഇവര്‍ക്കാണ് ജുണ്‍ 30ന് വിരമിക്കുന്ന അനില്‍കാന്തിന്റെ പിന്‍ഗാമിയാകാന്‍ യോഗ്യതയുള്ളത്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഉന്നത പദവിയിലുള്ളവര്‍ തങ്ങളെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്ന് അറിയിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള നിധിന്‍ അഗര്‍വാളും ഹരിനാഥ് മിശ്രയും രവാഡ ചന്ദ്രശേഖറും ഡി.ജി.പിയാകാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചു. അതോടെ യോഗ്യരായ എട്ട് പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. എ.ഡി.ജി.പിമാരായ കെ.പത്മകുമാര്‍, ഷെയ്ഖ് ദര്‍ബേഷ് സാഹിബ്, സഞ്ചീവ് പട്ജോഷി, ടി.കെ.വിനോദ്കുമാര്‍, യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റുള്ളവര്‍. ഡി.ജി.പി റാങ്കിലുള്ളവരാണങ്കിലും ഉ‍ടന്‍ വിരമിക്കുന്നതിനാല്‍ അരുണ്‍കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, ബി.സന്ധ്യ, എസ്.ആനന്ദകൃഷ്ണന്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാനം കൈമാറുന്ന പട്ടിക പരിശോധിച്ച് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക കേന്ദ്രം തിരിച്ച് നല്‍കും. അട്ടിമറികളുണ്ടായില്ലങ്കില്‍ സീനിയോരിറ്റിയില്‍ മുന്നിലുള്ള നിധിന്‍ അഗര്‍വാള്‍, കെ.പത്മകുമാര്‍, ഷെയ്ഖ് ദര്‍ബേഷ് സാഹിബ് എന്നിവരാവും അന്തിമപട്ടികയില്‍. നിലവിലെ പൊലീസ് സേനയുടെ ഭാഗമെന്ന നിലയില്‍ പത്മുമാര്‌ ദര്‍ബേഷ് സാഹിബ് എന്നിവരില്‍ ഒരാള്‍ക്ക് നറുക്കുവീഴും. സര്‍ക്കാരിന്റെ താല്‍പര്യവും അടുപ്പവും അതില്‍ വിധി നിര്‍ണയിക്കും.