മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കന്‍മാരെ അടച്ചാക്ഷേപിച്ചുള്ള ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്റെ വാക്കുകള്‍ നിന്ദ്യമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ പി.കെ.ശ്രീമതി. തനി അസംബന്ധമാണ് സുരേന്ദ്രന്‍ പറഞ്ഞതെന്നും അവര്‍ മനോരമന്യൂസ്.കോമിനോട് പറഞ്ഞു. 'രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ആ രാഷ്ട്രീയ പാര്‍ട്ടിയുടെ കേരളത്തിലെ അധ്യക്ഷനാണ് കെ.സുരേന്ദ്രന്‍. സ്ത്രീകളുടെ യോഗത്തിലാണ് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രസ്താവന സുരേന്ദ്രന്‍ നടത്തിയത്. ഒരാളും പറയാന്‍ പാടില്ലാത്തത്ര അസഭ്യവും അധിക്ഷേപവുമാണ് സുരേന്ദ്രന്‍ നടത്തിയതെന്നും അവര്‍ തുറന്നടിച്ചു.
നിയമം മൂലം നേരിടാനാണ് പാര്‍ട്ടിയുടെ തീരുമാനം. അത്തരമൊരു പ്രസ്താവന നടത്തുമ്പോള്‍ സ്വന്തം കുടുംബത്തിലെയോ സ്വന്തം പാര്‍ട്ടിയിലെയോ സ്ത്രീകളെ സുരേന്ദ്രന്‍ ഓര്‍ത്തിരുന്നുവോ? ഏത് പാര്‍ട്ടിയിലാണ് തടിച്ച സ്ത്രീകളില്ലാത്തത്? മെലിഞ്ഞതും തടിച്ചതുമെന്നെല്ലാം ആക്ഷേപിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? മാര്‍ക്സിസ്റ്റുപാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ അഴിമതി നടത്തി തടിച്ച് കൊഴുത്തുവെന്നാണ് സുരേന്ദ്രന്‍ ആരോപിച്ചത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ അഴിമതിയില്‍ കുടുങ്ങിയത് ആരായിരുന്നു? സുരേന്ദ്രന്റെ കാര്യം അങ്ങാടിപ്പാട്ടല്ലേയെന്നും ബിജെപി നേതാവിന്റെ നിലവാരം അത്രയുമേയുള്ളൂവെന്നും അവര്‍ തുറന്നടിച്ചു. സ്മൃതി ഇറാനി സുരേന്ദ്രന്റെ പ്രസ്താവന തള്ളിപ്പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സുരേന്ദ്രന്റെ വാക്കുകള്‍ പൊതുസമൂഹത്തിലെ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ സി.എസ്.സുജാത പറഞ്ഞു. സുേരന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. അങ്ങേയറ്റം മ്ലേച്ഛമായ പ്രസ്താവന സുരേന്ദ്രന്‍ നടത്തിയത് സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളെ മുന്നിലിരുത്തിയാണ്.
എന്തും പറയാമെന്ന തരത്തിലെ വാക്കുകള്‍ക്കെതിരെ മാര്‍ക്സിസ്റ്റുപാര്‍ട്ടിയിലെ സ്ത്രീകള്‍ മാത്രമല്ല, മുഴുവന്‍ സ്ത്രീകളും പൊതുസമൂഹവും പ്രതികരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കെ. സുരേന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കേസെടുത്തിട്ടുണ്ട്.
Surendran's comments should be condemned; PK Sreemathi, C. S Sujatha