കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് വിദേശ സാമ്പത്തിക സഹായം ലഭിക്കുന്നതില്‍ തീരുമാനമായെന്ന് KMRL എം.ഡി. ലോക്നാഥ് ബെഹ്റ. വൈകാതെ കരാര്‍ ഒപ്പിടും. അതിനുശേഷമേ വിശദാംശങ്ങള്‍ നല്‍കാനാകൂവെന്നും ലോക്നാഥ് ബെഹ്റ മനോരമ ന്യൂസിനോട് പറഞ്ഞു. ഇതിനിടെ രണ്ടാംഘട്ടത്തിന്റെ നിര്‍മാണം അടുത്തദിവസം തുടങ്ങും.
കൊച്ചി കാത്തിരിക്കുന്ന മെട്രോ രണ്ടാംഘട്ടം നിര്‍മാണത്തിലേക്ക് കടക്കുകയാണ്. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖല, കാക്കനാട് ജംക്‌ഷന്‍ എന്നീ സ്റ്റേഷനുകളുടെ നിര്‍മാണമാണ് ആദ്യം ആരംഭിക്കുന്നത്. സെസിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന സ്റ്റേഷനുവേണ്ടിയുള്ള സ്ഥലം ബാരിക്കേഡുവച്ച് തിരിച്ചു. മെട്രോ കടന്നുപോകുന്ന റൂട്ടുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സ്ഥലമേറ്റെടുത്ത് വീതി കൂട്ടുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ 1957 കോടി രൂപയുടെ ഡി.പി.ആറിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വിദേശ വായ്പയ്ക്കുവേണ്ടി ഫ്രഞ്ച് വികസന ഏജന്‍സിയുമായി കെ.എം.ആര്‍.എല്ലും സര്‍ക്കാരും ചര്‍ച്ചകളും നടത്തി. വായ്പാ കരാര്‍ ഒപ്പിടുന്നത് അടക്കമുള്ള ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. വായ്പ നല്‍കുന്ന ഏജന്‍സി ആരെന്ന് വ്യക്തമാക്കിയില്ലെങ്കിലും എല്ലാം റെഡിയെന്ന് ലോക്നാഥ് ബെഹ്റ.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍നിന്ന് തുടങ്ങി ഇന്‍ഫോപാര്‍ക്ക് ഫേസ് ടു വരെ 11.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം. ആകെ പതിനൊന്ന് സ്റ്റേഷനുകളുമുണ്ട്.് ഇതിനിടെ ജനറല്‍ കണ്‍സള്‍ട്ടന്‍സിക്കുവേണ്ടി വിളിച്ച കരാറില്‍ സിസ്ട്ര ജെ.വി വിജയിച്ചിങ്കിലും എസ്റ്റിമേറ്റ് തുക അധികമായതിനാല്‍ വെള്ളിയാഴ്ച കെ.എം.ആര്‍.എല്‍ ടെന്‍ഡര്‍ റദ്ദാക്കി.