നാളെ നടക്കാനിരിക്കുന്ന കാസർകോട്ടെ കേരള കേന്ദ്ര സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ നിന്ന് സ്ഥലം എംപി, എംഎൽഎ എന്നിവരെ ഒഴിവാക്കിയതിൽ വിവാദം ശക്തമാകുന്നു. രണ്ട് കേന്ദ്ര സഹമന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് മറ്റു രാഷ്ട്രീയ പാർട്ടിയിൽ നിന്നുള്ള ജനപ്രതിനിധികളെ ഒഴിവാക്കിയത് സർവ്വകലാശാലയിലെ ആർഎസ്എസ് ഇടപെടലുകളുടെ തെളിവാണെന്നാണ് പ്രധാന ആരോപണം.

കേരള കേന്ദ്ര സർവ്വകലാശാലയിലെ ആറാമത് ബിരുദദാന ചടങ്ങിൽ നിന്നാണ് സ്ഥലം എം.പി രാജ് മോഹൻ ഉണ്ണിത്താൻ, എം എൽ എ സി.എച്ച് കുഞ്ഞബു എന്നിവരെ ഒഴിവാക്കിയത്. കേന്ദ്ര സഹമന്ത്രിമാരായ ഡോ.സുഭാസ് സർക്കാർ, വി.മുരളിധരൻ എന്നിവരാണ് ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തുക. ഈ സാഹചര്യത്തിൽ ജില്ലയിലെ ജനപ്രതിനിധികളെ ഒഴിവാക്കിയത് സർവ്വകലാശാല ആർഎസ്എസ് ഭരണത്തിന് കീഴ്പ്പെട്ടതിന്റെ തെളിവാണെന്നാണ് രാജ് മോഹൻ ഉണ്ണിത്താന്റെ പ്രതികരണം.\

സർവ്വകലാശാല കാവിവൽക്കരിക്കപ്പെട്ടുവെനാണ് സ്ഥലം എംഎൽഎയും സിപിഎം നേതാവുമായ സി.എച്ച് കുഞ്ഞമ്പുവിന്റെ വിമർശനം. അതേസമയം ജില്ലയിലെ ജനപ്രതിനിധികളെ ക്ഷണിച്ചിരുന്നുവെന്നും അക്കാഡമിക് പരിപാടിയതിനാലാണ് നോട്ടിസിൽ അവരുടെ പേരുകൾ ഉൾപ്പെടുത്താതെന്നുമാണ് സർവ്വകലാശാലയുടെ വിശദീകരണം.