കൊച്ചിയിലെ മാലിന്യ സംസ്കരണത്തിന് സിയാല്‍ മാതൃകയില്‍ സംവിധാനമൊരുക്കണമെന്ന് നിര്‍ദേശം. വികേന്ദ്രീകൃത സംസ്കരണവും, പൊതുജന പങ്കാളിത്തവും ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേന്ദ്രീകൃത പ്ലാന്റുകളാണോ, വികേന്ദ്രീകൃത സംവിധാനമാണോയെന്നതില്‍ വ്യക്ത വരുത്തണമെന്നും മാലിന്യ സംസ്കരണത്തിനായി മലയാള മനോരമ സംഘടിപ്പിച്ച വിദഗ്ധ ചര്‍ച്ച നിര്‍ദേശിച്ചു.

സംസ്ഥാനത്തെ മാലിന്യം പ്രായോഗികവും ശാസ്ത്രീയവുമായി കൈകാര്യം ചെയ്യുന്നതിനുള്ള നയരൂപീകരണ സാധ്യതകളാണ് കൊച്ചിയില്‍ ചേര്‍ന്ന വിദഗ്ധ യോഗം ചര്‍ച്ച ചെയ്തത്. കൊച്ചിയില്‍ വികേന്ദ്രീകൃത മാലിന്യസംസ്കരണം നടപ്പാക്കുകയാണ് പ്രായോഗികമെന്ന് പൊതുഅഭിപ്രായമുയര്‍ന്നു. മാലിന്യസംസ്കരണം കൊച്ചി കോര്‍പറേഷന്റെ മാത്രം ഉത്തരവാദിത്തമായി കണക്കാക്കാതെ സിയാല്‍ മാതൃകയിലുള്ള കമ്പനി വേണം. കൊച്ചി കോര്‍പറേഷനും, സമീപ നഗരസഭകള്‍ക്കുമെല്ലാം ഓഹരി പങ്കാളിത്തമുള്ള സംവിധാനത്തിന്റെ നടത്തിപ്പ് പ്രഫഷണലുകളെ ഏല്‍പിക്കണം. പ്ലാന്റിന്റെ നടത്തിപ്പ്, മാലിന്യം ഉറവിടത്തില്‍ വേര്‍തിരിച്ച് നല്‍കേണ്ടതിന്റെ പ്രാധാന്യം, സംസ്കരണ സാധ്യതകള്‍ എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ സംസ്കരണം ഒരേസമയം വിവിധ കമ്പനികളെ ഏല്‍പിച്ച് പൂര്‍ത്തിയാക്കണം. ടാറിങ്ങിനൊപ്പം പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കുന്നത് കര്‍ശനമാക്കണം. ചര്‍ച്ചയില്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പന്ത്രണ്ടുപേര്‍ പങ്കെടുത്തു. ബ്രഹ്മപുരത്ത് തീയണയ്ക്കാന്‍ അത്യധ്വാനം ചെയ്ത അഗ്നിരക്ഷാ സേനയ്ക്കുള്ള ഉപഹാരം മലയാള മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു റീജിയണല്‍ ഫയര്‍ ഓഫിസര്‍ ജെ.എസ്.സുജിത്കുമാറിന് സമ്മാനിച്ചു.