വേനല്‍ അവധിക്കാലത്തും സ്കൂളിന് മുന്നില്ത്തുടങ്ങിയ തണ്ണീര്‍പ്പന്തല്‍ തുടരാന്‍ ഉറച്ച് പത്തനംതിട്ട പൂതങ്കര ജിപിഎം യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍. രണ്ടു ദിവസത്തേക്ക് തുടങ്ങിയ തണ്ണീര്‍പ്പന്തലിലെ മോരും വെള്ളം വിതരണം പത്ത് ദിവസം പിന്നിട്ടു.
സ്കൂള്‍ വാര്‍ഷികത്തിലായിരുന്നു ആദ്യ സംഭാര വിതരണം. അത് കഴിഞ്ഞതോടെ സ്കൂളിന് മുന്നില്‍ ഓലപ്പന്തലിട്ട് നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കുമായി സംഭാരവിതരണം തുടങ്ങി. കട്ടത്തൈരുടച്ച് ഉപ്പും കറിവേപ്പിലയും വെള്ളവും അല്പം പച്ചമുളകും ചേര്‍ത്ത് സംഭാരമൊരുക്കി.. വഴിയാത്രക്കാരെ കൈകാട്ടി വിളിച്ച് വെള്ളം കൊടുക്കും. രണ്ട് ദിവസത്തേക്കാണ് തുടങ്ങിയതെങ്കിലും പിന്തുണയുമായി നാട്ടില്‍ ആളുകൂടി. അങ്ങനെയാണ് ദിവസങ്ങള്‍
നീണ്ടത്.
ഈവര്‍ഷം വിരമിക്കുന്ന അധ്യാപകനായ രാജീവിന്റെ ആശയമാണ് സംഭാരവിതരണമായത്. പൂതങ്കര തേപ്പുപാറ റോഡിലെ യാത്രക്കാര്‍ക്കും ആശ്വാസമാണ് തണ്ണീര്‍പ്പന്തല്‍. സ്കൂളിന് അടുത്തുള്ളവരാണ് വിദ്യാര്‍ഥികളും. സ്പോണ്‍സര്‍മാര്‍ ഏറിയ സാഹചര്യത്തില്‍ അടുത്തുള്ള വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തണ്ണീര്‍പ്പന്തല്‍ തുടരും.