ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിലിൻ്റെ ഭൗതിക ശരീരം വിലാപ യാത്രയായി സെൻ്റ് മേരീസ് മെത്രപ്പോലീത്തൻ പള്ളിയിലെത്തിച്ചു. അതിരൂപതാ ആസ്ഥാനത്ത് കബറടക്കത്തിൻ്റെ ഒന്നാം ഘട്ട ശുശ്രൂഷയ്ക്ക് ശേഷമായിരുന്നു വിലാപയാത്ര. അനേകം വിശ്വാസികളാണ് പിതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പൗവത്തിൽ പിതാവിൻ്റെ ഭൗതിക ശരീരം ഇന്ന് രാവിലെയാണ് അതിരൂപതാ ആസ്ഥാനത്തെത്തിച്ചത്. മാർ ജോസഫ് പെരുന്തോട്ടത്തിൻ്റെ മുഖ്യകാർമികത്വത്തിൽ വി.കുർബാനയും കബറടക്കത്തിൻ്റെ ആദ്യ ഘട്ട ശുശ്രൂഷയും നടത്തി. തുടർന്ന് അതിരൂപതയിൽ നിന്ന് പിതാവിൻ്റെ ഭൗതിക ശരീരം വിലാപയാത്രയായി കത്തീഡ്രൽ പള്ളിയിലെത്തിച്ചു. വൈദികർ, കന്യാസ്ത്രീകൾ, വിശ്വാസികൾ തുടങ്ങിയവർ മുത്തുക്കുടകളും കുരിശുകളുമേന്തി പ്രാർഥനയോടെ വിലാപയാത്രയുടെ ഭാഗമായി.
1969ൽ ദൈവദാസൻ മാർ മാത്യു കാവുകാട്ടിൻ്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള നഗരി കാണിക്കലിനു ശേഷം ഒരു അതിരൂപതാ അധ്യക്ഷൻ്റെ ഭൗതിക ശരീരവുമായുള്ള നഗരി കാണിക്കലിന് ചങ്ങനാശേരി വേദിയാകുന്നത് ഇതാദ്യമാണ്. നാളെ രാവിലെ വി. കുർബാനയും തുടർന്ന് കബറടക്ക ശുശ്രൂഷയും മെത്രപ്പോലീത്തൻ പള്ളിയിൽ നടക്കും. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെയാകും കബറടക്കം.
The body of former Changanassery Archbishop Mar Joseph Powathil was taken to St. Mary's Metropolitan Church as a funeral procession.