അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉണ്ണിക്കണ്ണന്റെ നാടകശാല സദ്യക്ക് വിഭവങ്ങൾ വിളമ്പാൻ കുട്ടകൾ നെയ്യുന്നത് പാരമ്പര്യപ്പെരുമയിൽ. പ്രായത്തിന്റെ അവശതകൾ മറന്നാണ് 87 കാരനായ ആമയിട ആഞ്ഞിലിക്കാവ് വേലായുധൻ കുട്ട നെയ്യുന്നത്. ശ്രീഷ്ണ സന്നിധിയിലേക്ക് ഇവ നിർമിച്ചു സമർപ്പിക്കുന്നത് ജീവിത നിയോഗമായി കരുതുകയാണ് വേലായുധൻ.
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കാലങ്ങളായുള്ള ആഘോഷമാണ് ഒമ്പതാം ഉത്സവത്തിനുള്ള നാടകശാല സദ്യ. സദ്യയുടെ വിഭവങ്ങൾ വിളമ്പാൻ കുട്ടകൾ നിർമിക്കുന്നത് ചെമ്പകശേരി രാജാവിൻ്റെ കാലം മുതൽ ആഞ്ഞിലിക്കാവ് കുടുംബത്തിലെ അംഗങ്ങളാണ്. സഹോദരങ്ങളായ വേലായുധനും തങ്കമ്മയുമാണ് ഏറെ വർഷങ്ങളായി കുട്ട നെയ്ത് നൽകുന്നത്.
ആചാരത്തിന് മുടക്കം വരുത്താൻ പ്രായമേറെയായിട്ടും ഇവർ തയ്യാറല്ല. പ്രായത്തിൻ്റെ അവശത മൂലം സഹോദരി തങ്കമ്മ ഇത്തവണകുട്ട നെയ്യുന്നില്ല. ആചാരം നിലനിർത്താൻ കഷ്ടപ്പെടുമ്പോഴും ദേവസ്വം ബോർഡിൽ നിന്ന് വലിയ സഹായം കിട്ടുന്നില്ലെന്ന പരാതി വേലായുധനുണ്ട് .നാടകശാല സദ്യക്ക് വിഭവങ്ങൾ വിളമ്പാൻ 15 ഓളം കുട്ടകളാണ് നിർമിക്കുന്നത് പലയിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഈറ്റ ഉപയോഗിച്ച് ആഞ്ഞിലിക്കാവ് ക്ഷേത്രസന്നിധിയിലിരുന്നാണ് അമ്പലപ്പുഴ ഉണ്ണിക്കണ്ണന് സമർപ്പിക്കാനുള്ള കുട്ടകൾ നെയ്യുന്നത്. അരി, നെല്ല്, പച്ചക്കറികൾ, പുകയില എന്നിവ ഈ കുട്ടകളിലാക്കി എട്ടാം ഉത്സവ ദിവസം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിക്കുന്നത്.