arikomban-06

ഇടുക്കിയിലെ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടി ബന്ധിക്കാനുള്ള കൂടിന്റെ പണികൾക്ക് ഒരുങ്ങി വനം വകുപ്പ് . കൂട് നിർമ്മിക്കാനുള്ള മരങ്ങൾ മുറിക്കുന്ന ജോലികൾ ആരംഭിച്ചു. ദേവികുളത്തുനിന്ന് മുറിക്കുന്ന മരങ്ങൾ എറണാകുളം കോടനാടുള്ള ആനപരിപാലന കേന്ദ്രത്തിൽ എത്തിച്ചാണ് കൂട് നിർമ്മിക്കുന്നത്.

 

ദേവികുളത്തെ സെൻട്രൽ നഴ്സറിക്ക് സമീപത്തെ യൂക്കാലി കാട്ടിൽ നിന്നാണ് മരങ്ങൾ മുറിക്കുന്നത്. 130 ഓളം യൂക്കാലി തടികൾ അരികൊമ്പനെ പിടിച്ചുകെട്ടി തളക്കാനുള്ള കൂട്ടിന് വേണം. നേരത്തെ നമ്പരിട്ട് അടയാളപ്പെടുത്തി വെച്ച മരങ്ങൾ മുറിക്കുന്ന ജോലികളാണ് തുടങ്ങിയത്. ദേവികുളം റേഞ്ച് ഓഫീസറുടെ മേൽനോട്ടത്തിലാണ് മരം മുറി. രണ്ടുദിവസത്തിനുള്ളിൽ മരം മുറി പൂർത്തിയാക്കി തടികൾ കോടനാട് പരിപാലന കേന്ദ്രത്തിലേക്ക് എത്തിക്കും. തടികൾ എത്തിച്ചാൽ പിന്നെ എത്രയും വേഗം കൂട് നിർമ്മാണം പൂർത്തിയാക്കും. കൂടൊരുങ്ങുന്ന മുറയ്ക്ക് വനം വകുപ്പ് ചീഫ് വെറ്ററിനറി സർജനും അരിക്കൊമ്പൻ ദൗത്യ തലവനുമായ ഡോ. അരുൺ സക്കറിയ ചിന്നക്കനാലിൽ തിരിച്ചെത്തും

 

രണ്ടാഴ്ച്ചയ്ക്കുള്ളിൽ ദൗത്യം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. അതേ സമയം അനയെ പിടികൂടുന്നത് വേഗത്തിലാക്കണമെന്നാണ് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ നാട്ടുകാർ ആവശ്യപ്പെടുന്നത്.

forest department started steps to catch wild elephant arikomban