കയർ വ്യവസായ മേഖലയിൽ പ്രതിസന്ധി അതിരൂക്ഷം. കയർ വ്യവസായത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്ന കയർ സംഘങ്ങളും പൂട്ടിപ്പോകുന്ന സ്ഥിതിയാണ് . സർക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും ഇടപെടൽ ഉണ്ടാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
കയർ മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിലച്ച കയർ സഹകരണ സംഘമാണിത്. ഒരു കാലത്ത് ഏറെ സജീവമായിരുന്ന ആലപ്പുഴ ആറാട്ടുപുഴ കിഴക്കേക്കര തെക്ക് കയർ സഹകരണ സംഘം. 20 ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥാപനം.രണ്ടു വർഷമായി ജോലിയില്ലാത്തതിനാൽ തൊഴിലാളികളുടെ ജീവിതം വഴിമുട്ടി.
കയർ സംഘങ്ങൾക്ക് നേരിട്ട് ചകിരി സംഭരിക്കാനുള്ള അവകാശം നഷ്ടപ്പെടുകയും ഉയർന്ന വിലയ്ക്ക് കയർഫെഡില്‍ നിന്ന് ഗുണനിലവാരം ഇല്ലാത്ത ചകിരി എടുക്കേണ്ടി വരികയും ചെയ്തതോടെ സംഘത്തിൻ്റെ പ്രവർത്തനം നിശ്ചലമായി. നേരിട്ട് ചകിരി സംഭരിച്ചപ്പോൾ ഒരു കിലോ ചകിരിക്ക് 11 രൂപ നൽകേണ്ടിയിരുന്ന സ്ഥാനത്ത് കയര്‍ഫെഡില്‍ നിന്ന് വാങ്ങേണ്ടി വന്നപ്പോൾ 17 രൂപയായി. ചകിരിക്ക് ഗുണനിലവാരം ഇല്ലാത്തതിനാൽ ഉൽപ്പന്നങ്ങൾക്ക് മതിയായ വിലയും കിട്ടാതായി.
സഹ.സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന കയർ, കയര്‍ ഫെഡ് വിലകുറച്ചു വാങ്ങിയതുകൊണ്ട് കയർ സംഘങ്ങൾ പ്രതിസന്ധിയിലായി. ആഭ്യന്തര- വിദേശ -വിപണി വിപുലപ്പെടുത്തി പ്രതിസന്ധി പരിഹരിക്കാനും ശ്രമമില്ല. ചർച്ചകളും നടക്കുന്നില്ല. കയർ വില വർധിപ്പിച്ചും സംഘങ്ങളുടെ പ്രവർത്തന മൂലധനം കൂട്ടിയും പ്രതിസന്ധി പരിഹരിക്കണമെന്നാണ് ആവശ്യം.
The crisis in the coir industry is dire