മരണക്കെണിയായി മാറിയ കോഴിക്കോട് രാമനാട്ടുകര ബസ് സ്റ്റാന്‍ഡിലേക്ക് ജീവന്‍ പണയം വെച്ചാണ് യാത്രക്കാരെത്തുന്നത്. വര്‍ഷങ്ങളായി പഞ്ചിങ് സ്റ്റേഷനും പ്രവര്‍ത്തനരഹിതമായതിനാല്‍ ചീറിപ്പായുകയാണ് സ്വകാര്യബസുകള്‍.
കഴിഞ്ഞ അമാസത്തിനിടെ മൂന്നൂപേരുടെ ജീവന്‍ പൊലിഞ്ഞ സ്ഥലമാണിത്. അപകടപ്പെട്ടവര്‍ എല്ലാം കാല്‍നടയാത്രക്കാര്‍. പിന്നീട് പലനടപടികള്‍ സ്വീകരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ഇപ്പോഴും ബസുകളുടെ മരണപ്പാച്ചിലിന് മാറ്റമില്ല. സ്റ്റാന്‍ഡിലേയ്ക്ക് അതിവേഗതയില്‍ എത്തുന്ന ബസുകള്‍ക്കിടയിലൂടെ വേണം കുട്ടികളുള്‍പ്പടെയുള്ള യാത്രക്കാര്‍ റോഡ് മറികടക്കാന്‍ . പഞ്ചിങ് സംവിധാനം പ്രവര്‍ത്തിക്കാതായതോടെ സമയം രേഖപ്പെടുത്തുന്ന പതിവും തെറ്റി.
സമയനിഷ്ടപാലിക്കാതെയാണ് മിക്ക ബസുകളുമെത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദിവസവും ഇരുനൂറിലധികം ബസുകളോടുന്നിടത്ത് പകുതി ബസുകള്‍ പോലും സമയം രേഖപ്പെടുത്തുന്നില്ലെന്നാണ് ആക്ഷേപം. അമിതവേഗത്തിലോടുന്ന ബസുകള്‍ക്ക് പൂട്ടിടാന്‍ പഞ്ചിങ് സ്റ്റേഷന്‍ പുനരാരംഭിക്കണമെന്നാവശ്യം ശക്തമാണ്.