big-bridge

TAGS

തൃശൂര്‍ ജില്ലയില്‍ രണ്ടു പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുഴയ്ക്കും കനാലിനും കുറുകെ കൂറ്റന്‍പാലം നിര്‍മാണം പൂര്‍ത്തിയായി. അഞ്ചു പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് കൊച്ചിയിലേക്കുള്ള ഇനി പത്തു കിലോമീറ്റര്‍ കുറയും. 

 

തൃശൂര്‍ എടത്തിരുത്തി, താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. കരുവന്നൂര്‍ പുഴയ്ക്കും കനോലി കനാലിനും കുറുകെയാണ് അഴിമാവ് കടവ് പാലം. രണ്ടു നിയമസഭാ മണ്ഡലങ്ങളേയും രണ്ടു പാര്‍ലമെന്റ് മണ്ഡലങ്ങളേയും ബന്ധിപ്പിക്കുന്ന പാലം. പുഴ കടക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ കിലോമീറ്ററുകളോളം വളഞ്ഞാണ് നാട്ടുകാര്‍ സഞ്ചരിച്ചിരുന്നത്. 2020 സെപ്തംബറിലാണ് നിര്‍മാണം തുടങ്ങിയത്. പതിനേഴു കോടി രൂപയാണ് ചെലവ്. താന്ന്യം, അന്തിക്കാട്, ചാഴൂർ, പാറളം, ചേർപ്പ് പഞ്ചായത്തിലുള്ളവർക്ക് എറണാകുളത്തേക്കുള്ള യാത്രയിൽ 10 കിലോമീറ്റര്‍ കുറയും. കനാലും പുഴയും കടവും ചേർന്ന പ്രദേശം പച്ചപ്പ് നിറഞ്ഞത് കൂടിയാണ്. പാലം പൂർത്തിയായതോടെ പ്രതിദിനം ഒട്ടേറെ പേര്‍ ഈ മേഖലയില്‍ സന്ദര്‍ശനത്തിന് വരുന്നുണ്ട്.  സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പാലം പണിതത്. അടുത്ത മാസം ഉദ്ഘാടനം നടത്തും. ദീര്‍ഘകാലമായി പാലത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രദേശവാസികള്‍.