idukki-dam

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു. 2354.4 അടിയിലാണ് നിലവില്‍ ജലനിരപ്പ്. ഇപ്പോഴത്തെ അവസ്ഥയില്‍ രണ്ട് മാസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വേനലിന്‍റെ തുടക്കത്തില്‍ തന്നെ ഇടുക്കി ജലാശയം മെലിയുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഡാമിലുണ്ടായിരുന്നത് ആകെ സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളം. ഇപ്പോള്‍ 49.50 ശതമാനം മാത്രം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22 അടിയോളം വെള്ളം താഴ്ന്നുവെന്ന് ചുരുക്കം. തുലാമഴ ലഭിക്കാത്തതാണ് തിരിച്ചടിയായത്.

 

ജലനിരപ്പ് 2199 അടിയോടടുത്താല്‍ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം നിലയ്ക്കുന്ന അവസ്ഥയാവും.. 670 ലിറ്റോളം വെള്ളമാണ് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ മൂലമറ്റം പവര്‍ ഹൗസിന് വേണ്ടത്. നിലവില്‍ അഞ്ച് ദശലക്ഷം യൂണിറ്റോളം ഉത്പാദിപ്പിക്കുന്നുണ്ട്. ചൂട് വര്‍ധിക്കുന്നതോടെ വൈദ്യുതി ഉപഭോഗവും കൂടുന്നതിനാല്‍ ഉത്പാദനം കൂട്ടേണ്ടിവരും. അങ്ങനെ വന്നാല്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ണമായും ഉത്പാദനം നിര്‍ത്തിവെക്കേണ്ട അവസ്ഥയാകുമെന്നാണ് ആശങ്ക.