കോൺഗ്രസ് പ്ലീനറിയിൽ കല്ലുകടിയായി കേരള നേതാക്കൾക്കിടയിലെ തർക്കം. പ്രതിപക്ഷ നേതാവിന്‍റെ അസൗകര്യത്തെ തുടർന്ന് പ്രശ്ന പരിഹാരത്തിനുള്ള താരിഖ് അൻവറിൻ്റെ നീക്കം വിജയിച്ചില്ല. പ്ലീനറി പ്രതിനിധികളായി കൂട്ടി ചേർത്ത പട്ടിക ഔദ്യോഗികമല്ലെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ മനോരമ ന്യൂസിനോട് പറഞ്ഞു.
ഔദ്യോഗിക ലിസ്റ്റിലിൽ ഇല്ലാത്ത 60 പേർ കൂടി പ്ലീനറി പ്രതിനിധികളുടെ ലിസ്റ്റിൽ കയറിപ്പറ്റിയതിനെ ചൊല്ലിയാണ് നേതാക്കൾ റായ്പുരിൽ പരസ്യമായി പ്രതികരിച്ചത്. പ്രശ്നത്തിൽ ഇടപെട്ട കേരളത്തിൻ്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അൻവർ ഇന്നലെ തന്നെ നേതാക്കളെ ഒന്നിച്ചിരുത്തി ചർച്ചക്ക് ശ്രമിച്ചെങ്കിലും പ്രതിപക്ഷ നേതാവ് അസൗകര്യം അറിയിച്ചു. നേതാക്കൾ കേരളത്തിൽ മടങ്ങിയെത്തും മുമ്പ് പ്രശ്നം പരിഹരിക്കാനനുള്ള നീക്കം വിജയിച്ചില്ല. രമേശ് ചെന്നിത്തലയും വി.ഡി സതീശനും പരസ്യമായി ഏറ്റുമുട്ടിയ വിഷയത്തെ ചെറിയ തർക്കമെന്ന് വിശേഷിപ്പിച്ച എഐസിസി ജനറല്‍ സെക്രട്ടറി, കൂട്ടി ചേർത്ത പട്ടിക ഔദ്യോഗികമല്ലെന്നും വ്യക്തമാക്കി.
തന്നെ അറിയിക്കാതെയാണ് പട്ടികയിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയതെന്ന് താരിഖ് അൻവർ നേതാക്കളോട് പറഞ്ഞു. ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്ത ലിസ്റ്റിലുളവരെ കെപിസിസി അംഗങ്ങളായി തുടരാൻ അനുവദിച്ചാൽ കേരളത്തിൽ വലിയ പൊട്ടിത്തെറിയുണ്ടാവുമെന്നും നേതാക്കൾ സൂചിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിൽ പ്രശ്നം വഷളാക്കരുതെന്ന് എംപിമാർ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Dispute between Kerala leaders in Congress plenary