kanjikode-buffalo

TAGS

കോച്ച് ഫാക്ടറി കാത്തിരുന്നവർക്ക് പോത്ത് വളർത്താനുള്ള സൗകര്യമൊരുക്കി റെയിൽവേ. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി പതിനൊന്ന് വര്‍ഷം മുന്‍പ് ഏറ്റെടുത്ത സ്ഥലം സ്വകാര്യ വ്യക്തികള്‍ നൂറിലധികം പോത്തുകളെ വളർത്താനുള്ള ഇടമാക്കി. റെയില്‍വേയുടെ 439 ഏക്കര്‍ ഭൂമിയില്‍ പോത്തുകള്‍ക്ക് വെള്ളം കുടിക്കുന്നതിനായി താല്‍ക്കാലിക തടയണയും മഴനനയാതെ നില്‍ക്കാനുള്ള സൗകര്യവുമുണ്ട്.  

 

നിര നിരയായി കോച്ചുകൾ ട്രാക്കിൽ കയറും. നിരവധിയാളുകൾക്ക് ജോലി കിട്ടും. പ്രഖ്യാപനം നടത്തി ഏറ്റെടുത്ത നെൽപ്പാടം ഇപ്പോൾ തരിശായി. കോച്ച് ഫാക്ടറി വന്നില്ലെങ്കിലും ചിലർക്കെല്ലാം ഇത് വളക്കൂറുള്ള മണ്ണാണ്. യുവാക്കള്‍ ചേര്‍ന്ന് നൂറിലധികം പോത്തിനെ ഇറക്കി. വേണ്ടത്ര പുല്ല്. വെള്ളം കുടിക്കാനായി ചാക്ക് കൊണ്ട് താല്‍ക്കാലിക തടയണ. റെയില്‍വേ മേല്‍പ്പാലത്തിന്റെ അടിയിലുള്ള സ്ഥലത്ത് രാത്രിയില്‍ പോത്തുകളുടെ താമസം. റെയില്‍വേക്ക് യാതൊരു പരാതിയുമില്ലാതെ ചിലര്‍ മാസം തോറും ലക്ഷങ്ങള്‍ സമ്പാദിക്കുന്നു. മേഞ്ഞ് നടക്കുന്ന പോത്തുകള്‍ ചില സമയങ്ങളിൽ ഭക്ഷണം തേടി സമീപത്തെ നെൽപ്പാടത്തേക്ക് ഇറങ്ങുന്നത് കർഷകർക്ക് പൊല്ലാപ്പായിട്ടുണ്ട്. 

 

റെയില്‍വേ സ്ഥാപിച്ച ഗേറ്റില്‍ ഇടവേളകളിൽ റീത്ത് വെച്ചും കൊടി കെട്ടിയും വികസന പ്രതിസന്ധി പലരും ഓർമിപ്പിക്കുന്നുണ്ട്. പതിനൊന്ന് വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ ഇനി കഞ്ചിക്കോട്ടെ കോച്ചിനായി കാത്തിരിക്കേണ്ടതുണ്ടോ എന്നതാണ് പലരുടെയും സംശയം.