മൂന്നാറിൽ കടുത്ത ജലക്ഷാമം . ഹെഡ് വർക്ക്സ് ഡാമിൻറെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾക്കായി മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചതോടെയാണ് ദൈനംദിന ആവശ്യങ്ങൾക്ക് വെള്ളം കിട്ടാനില്ലാതെ മൂന്നാറുകാർ പരക്കം പായുന്നത്. ജലവിതരണം മുടങ്ങിയതോടെ ഹോം സ്റ്റേകൾ പലതും പൂട്ടി.
മാട്ടുപ്പെട്ടി അണക്കെട്ടിലെ ഷട്ടറുകൾ അടച്ചതോടെ കുണ്ടളയാറ്റിലും മുതിരപ്പുഴയിലും വെള്ളം പൂർണമായും വറ്റി. സമീപത്തെ വീടുകളിലെ കിണറുകളിലും വെള്ളം കുറഞ്ഞു. കുണ്ടളയാറ്റിൽ നിന്ന് വെള്ളം എടുത്താണ് ജലവിഭവ വകുപ്പ് മൂന്നാറിൽ വെള്ളം ശുദ്ധീകരിച്ചു വിതരണം ചെയ്തിരുന്നത്. വിതരണം നിലച്ചതോടെ മൂന്നാർ ടൗൺ, വിവിധ കോളനികൾ, ഇക്കാ നഗർ തുടങ്ങിയ ഇടങ്ങളിലെ ജനങ്ങളും വ്യാപാരികളും കുടിവെള്ളത്തിനായി പരക്കം പായുകയാണ്.. വെള്ളമില്ലാത്തതിനാൽ പല ഹോംസ്റ്റേകളും പൂട്ടി. റിസോർട്ടുകൾ ഉൾപ്പെടെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇതാദ്യമായാണ് മൂന്നാറിൽ റിസോർട്ടുകളും ഹോം സ്റ്റേകളും വെള്ളമില്ലാത്തതിനാൽ പൂട്ടുന്നത്.
മാട്ടുപ്പെട്ടി അണക്കെട്ടിൽ നിന്ന് വെള്ളം എത്തുന്നത് ഹെഡ് വർക്ക്സ് ഡാമിലേക്ക് ആണ് . ഹെഡ് വർക്സ് ഡാമിലെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി നടത്താൻ ജലനിരപ്പ് കുറയ്ക്കേണ്ടത് അത്യാവശ്യമായതിനാലാണ് മാട്ടുപ്പെട്ടി ഡാമിൽ നിന്നുള്ള നീരൊഴുക്ക് പൂർണമായും നിർത്തിയത് . മാർച്ച് മൂന്നു വരെയാണ് അറ്റകുറ്റപ്പണി . ജലക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് ജലവിഭവ വകുപ്പിന്റെ മറുപടി.