swami-gangeshananda

സ്വാമി ഗംഗേശാനന്ദയുടെ ലിംഗംഛേദിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടും കുറ്റപത്രം നല്‍കാതെ ക്രൈംബ്രാഞ്ച് കേസ് ഉപേക്ഷിക്കുന്നു. ഗംഗേശാനന്ദയെയും പരാതിക്കാരിയെയും രണ്ട് വ്യത്യസ്ത കേസുകളിലായി പ്രതിചേര്‍ക്കാനുള്ള നിയമോപദേശമാണ് അട്ടിമറിച്ചത്. കുറ്റപത്രം തയാറാക്കിയ അന്വേഷണ ഉദ്യോഗസ്ഥന്‍ മാറി മാസങ്ങളായിട്ടും പകരം ചുമതല പോലും ആര്‍ക്കും നല്‍കിയില്ല.

2017 മെയ് 9ന് രാത്രിയാണ് കേരളത്തില്‍ ഞെട്ടലുണ്ടാക്കിയ ലിംഗംചേദിച്ച കേസിന്റെ തുടക്കം. ഇന്നിപ്പോള്‍ അഞ്ച് വര്‍ഷവും 9 മാസവും കഴിഞ്ഞു. കേസ് എന്തായെന്ന് ചോദിച്ചാല്‍ ക്രൈംബ്രാഞ്ചിന് ഒരുത്തരവുമില്ല. അന്വേഷണമെല്ലാം പൂര്‍ത്തിയായിട്ട് മാസങ്ങളായി. ലിംഗം ചേദിച്ചത് പരാതിക്കാരിയായ പെണ്‍കുട്ടിയും അവരുടെ കാമുകനും ചേര്‍ന്നുള്ള ഗൂഡാലോചനയാണെന്ന് കണ്ടെത്തി. ഇരുവരെയും പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഗംഗേശാനന്ദ ലൈംഗികമായി ഉപദ്രവിച്ചൂവെന്ന പരാതിയുള്ളതിനാല്‍ അദേഹത്തെയും പ്രതിചേര്‍ക്കണമെന്ന നിയമോപദേശം ലഭിച്ചു. അതോടെ ലിംഗം ചേദിച്ച കേസില്‍ പെണ്‍കുട്ടിയേയും കാമുകനെയും പ്രതിചേര്‍ത്ത് ഒരു കുറ്റപത്രവും പീഡനക്കേസില്‍ ഗംഗേശാനന്ദയെ പ്രതിചേര്‍ത്ത് മറ്റൊരു കുറ്റപത്രവും നല്‍കാന്‍ തീരുമാനിച്ചു.

അന്വേഷണോദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി കുറ്റപത്രം തയാറാക്കി  ക്രൈംബ്രാഞ്ച് മേധാവിക്ക് നല്‍കി. പിന്നീട് നടപടികളൊന്നുമുണ്ടായില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലംമാറിപ്പോവുകയും ചെയ്തതോടെ ഇനി ആര് അന്വേഷിക്കുമെന്ന് പോലും നിശ്ചയമില്ല. അതായത് ലിംഗം ചേദിച്ച കേസിന്റെ അന്വേഷണം കുറ്റപത്രം തയാറാക്കിയതോടെ ചേദിക്കപ്പെട്ടു.