കൊച്ചി ഹൃദയ ഭാഗത്തെ ചരിത്ര സമ്പന്നമായ രാജേന്ദ്ര മൈതാനം പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നു. പഴയ ഓര്‍മകള്‍ പുതുക്കി ചരിത്ര പ്രാധാന്യം നിലനിര്‍ത്തി നവീകരിച്ച മൈതാനം ഫെബ്രുവരി പതിനാലിന് വൈകീട്ട് 5.30 ഓടെ പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് വിശാല കൊച്ചി വികസന അതോറിറ്റി അറിയിച്ചു. കൊച്ചിക്കായലോരത്തെ ഈ മൈതാനത്തിരുന്ന് കളിയും ചിരിയും രാഷ്ട്രീയവുമെല്ലാം പറഞ്ഞ ഒരു സൗഹൃദക്കൂട്ടമുണ്ടായിരുന്നു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും പ്രൊഫ എംകെ സാനുവുമെല്ലാമടങ്ങിയ ആ കൂട്ടം കൊച്ചിയെക്കുറിച്ച് കാണാത്ത സ്വപ്മങ്ങളുമില്ല.
കൊച്ചിയുടെ മുഖം മിനുക്കാനിറങ്ങിത്തിരിച്ചവര്‍ മറന്നു പോയ കാലം. ആ മൈതാനം പയ്യെ കൊച്ചിയിലെ സാധാരണക്കാര്‍ക്ക് അന്യമായി. 2014 ല്‍ മൈതാനം അടച്ചു കെട്ടി ലേസര്‍ പാര്‍ക്കാക്കി. പിന്നെ ടിക്കറ്റ് വെച്ച് ലേസര്‍ ഷോ നടത്തി. പക്ഷെ മിനുക്കിയ മുഖം വളരെപ്പെട്ടെന്നു തന്നെ അഴിമതിയാരോപണത്തില്‍ വികൃതമായി. പിന്നെ ആര്‍ക്കുമില്ലാതെ അടഞ്ഞു കിടന്നു അരപതിറ്റാണ്ടു കാലം.
ഒരു കാലത്ത് രാഷ്ട്രീയ ചരിത്ര സംഭവങ്ങളാല്‍ സമ്പന്നമായിരുന്ന ഇവിടം നീണ്ട ഇടവേളക്കു ശേഷം ഫെബ്രുവരി 14 ന് പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മന്ത്രി പി രാജീവ് തുറന്ന് നല്‍കല്‍ പ്രഖ്യാപനം നടത്തും.