യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്തജെറോമിന്‍റെ ഗവേഷണ പ്രബന്ധം സംബന്ധിച്ച് ഗൈഡ് ഡോ.പി.പി.അജയകുമാറിനോട് സര്‍വകലാശാല വിശദീകരണം ചോദിച്ചു. ബുധനാഴ്ച വൈസ് ചാന്‍സലര്‍ മടങ്ങിയെത്തിയാല്‍ പ്രബന്ധം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതില്‍ തീരുമാനമുണ്ടാകും.
ചിന്തജെറോമിന്‍റെ പ്രബന്ധം സംബന്ധിച്ച് ലഭിച്ച പരാതികള്‍ വിസിക്ക് കൈമാറിക്കൊണ്ടാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട്് തേടിയിരിക്കുന്നത്. വിസി സ്ഥലത്തില്ലാത്തതിനാല്‍ രജിസ്ട്രാര്‍ പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു. പ്രബന്ധത്തില്‍ കടന്നുകൂടിയ പിഴവിനെകുറിച്ച് ചിന്തയുടെ ഗൈഡ് ഡോ.പി.പി.അജയകുമാറിനോട് രജിസ്ട്രാര്‍ വിശദീകരണം ചോദിച്ചതായാണ് വിവരം. ഗവേഷണ പ്രബന്ധത്തിലെ ഒരുഭാഗം ചില ഒാണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ തനിപകര്‍പ്പാണെന്ന പരാതിയും ഉണ്ട്. പ്രബന്ധം പരിശോധിക്കാന്‍വിദഗ്ധ സമിതിയെ നിയോഗിക്കുന്നകാര്യത്തില്‍ രിജിസ്ട്രാറുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും വൈസ് ചാന്‍സലര്‍ തീരുമാനമെടുക്കുക. നിലവിലെ നിയമപ്രകരം പിഴവുവന്നഭാഗം തിരുത്തി പ്രബന്ധം വീണ്ടും സര്‍വകലാശാലക്ക് സമര്‍പ്പിക്കുന്നതിന് വ്യവസ്ഥയില്ല. നല്‍കിയ ബിരുദം തിരിച്ചെടുക്കാനും ചട്ടം അനുവദിക്കുന്നില്ല. ഡോ.പി.പി അജയകുമാറിന്‍റെ ഗൈഡ് ഷിപ്പ് റദ്ദാക്കുക, അദ്ദേഹത്തെ അധ്യാപക പരിശീലന കേന്ദ്രത്തിന്‍റെ ഡയറക്ടര്‍സ്ഥാനത്തുനിന്ന് നീക്കുക എന്നീ ആവശ്യങ്ങളും സേവ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റിന് മുന്നിലും പ്രബന്ധ പ്രശ്നം ഉയര്‍ന്നുവരും.