rahimnew

തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാന്‍ പദ്ധതികളില്ല എന്നതുള്‍പ്പെടെ യുവജനങ്ങളെ പാടെ അവഗണിക്കുന്നതാണ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് എന്ന് എ എ റഹീം എംപി. രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം തൊഴിലില്ലായ്മയാണ്. എന്നാല്‍ ബജറ്റില്‍ ഒരിടത്തും തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ കുറിച്ച് പറയുന്നില്ലെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണവെ അദ്ദേഹം പറഞ്ഞു. 

 

എങ്ങനെയാണ് തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് റഹീം ചോദിച്ചു. വിവിധ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ ലക്ഷക്കണക്കിന് സര്‍വീസുകള്‍ ഒഴിഞ്ഞു കിടക്കുന്നതായാണ് പാര്‍ലമെന്റില്‍ ഞങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കിട്ടിയിട്ടുള്ളത്. അങ്ങനെയൊരു ആശങ്ക എവിടേയും അഡ്രസ് ചെയ്യുന്നില്ല. യുവജനങ്ങളുടെ ആശങ്കകള്‍ കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല. വിദ്യാഭ്യാസത്തിലേക്ക് വരുമ്പോള്‍ വണ്‍ ക്ലാസ് വണ്‍ ചാനല്‍ പദ്ധതി വിപുലീകരിക്കും എന്ന് പറയുന്നു. എന്നാല്‍ ഇവിടെ സംഭവിക്കുന്ന ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാനും കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. 

 

ചെറുപ്പക്കാരുടേയും യുവാക്കളുടേയും ജീവിതച്ചെലവ് വര്‍ധിപ്പിക്കുന്നതാണ് ഈ ബജറ്റ്. ലോകമാകെ മാറുമ്പോള്‍ പുതിയ തലമുറയ്ക്ക് വേണ്ടി എന്താണ് സംഭാവന ചെയ്യുന്നത് എന്നും റഹീം ചോദിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഏതാനും സ്ഥാപനങ്ങള്‍ തുടങ്ങും എന്നത് മാത്രമാണ് യുവാക്കള്‍ക്കായുള്ള ബജറ്റ് പ്രഖ്യാപനം. 2047ലേക്ക് വേണ്ടിയുള്ള ചവിട്ടുപടിയാണ് ഇതെന്ന് നിര്‍മലാ സീതാരാമന്‍ പറയുന്നു. എന്നാല്‍ ഭാവി തലമുറയ്ക്ക് വേണ്ടി ഒന്നും ഈ ബജറ്റില്‍ പറയുന്നില്ല. 

 

യുവജനങ്ങളില്‍ നിന്ന് ശക്തമായ സമരം ഉയര്‍ന്ന് വരണം. പൊതുതലമുറയെ പൂര്‍ണമായും കൈമാറുന്ന നയമാണ് ഇവിടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. സ്ട്രാറ്റജിക് ഡിന്‍ഇന്‍വസ്റ്റ്മെന്റ് എന്നാണ് പറയുന്നത്. അതിന്റെ അനന്തര ഫലം എന്താണ്? സാമൂഹിക നീതി നിഷേധിക്കപ്പെടുകയും സംവരണം ഇല്ലാതാവുകയും ചെയ്യുകയാണെന്നും റഹീം പറഞ്ഞു