സർക്കാർ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് പാലക്കാട് കലക്ടർ ഡോ.എസ്.ചിത്ര. അട്ടപ്പാടി ഉൾപ്പെടെയുള്ള മുഴുവൻ മേഖലയിലും നിലവിലെ പദ്ധതികളുടെ തുടർച്ച ഉറപ്പാക്കും. കൃഷിക്കും വിനോദ സഞ്ചാരത്തിനും പാലക്കാടിനുള്ള ഇടം ഇതിനകം ശ്രദ്ധേയമാണെന്നും ചുമതലയേറ്റതിന് പിന്നാലെ കലക്ടർ പറഞ്ഞു. അട്ടപ്പാടി പോലെ തന്നെ എല്ലാ മേഖലയിലും ശ്രദ്ധയുണ്ടാകും. നിലവിൽ പുരോഗമിക്കുന്ന പദ്ധതികളുടെ പൂർത്തീകരണത്തിനാണ് പ്രഥമ പരിഗണന. ഡോക്ടറെന്ന നിലയിലുള്ള തന്റെ ആരോഗ്യ മേഖലയിലെ പരിചയം പരമാവധി പ്രയോജനപ്പെടുത്തും.
ഏറെ യാത്ര ചെയ്യാൻ ശ്രമിക്കാറുണ്ട്. പാലക്കാടിന്റെ പ്രകൃതി ഭംഗി ഏത് സഞ്ചാരിയെയും ആകർഷിക്കുന്നതാണ്. ഇത് മുതൽക്കൂട്ടാക്കാൻ ശ്രമിക്കുമെന്നും കലക്ടർ പറഞ്ഞു. മൃൺമയി ജോഷി എൻ.എച്ച്.എം ഡയറക്ടറായി മാറിയ സാഹചര്യത്തിലാണ് ചിത്ര പാലക്കാട് കലക്ടറാവുന്നത്. മുൻ ലേബർ കമ്മീഷണറായിരുന്ന ചിത്ര ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. ആലപ്പുഴ സ്വദേശിനിയാണ്.