oilpalmpooja-02

പൊതുമേഖലാ സ്ഥാപനമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ കൊല്ലം ഏരൂരിലെ തോട്ടത്തിൽ സിപിഐ സംസ്ഥാന നേതാവു കൂടിയായ ചെയർമാൻ പൂജ നടത്തിയെന്ന് ആക്ഷേപം. സർക്കാർ സ്ഥാപനത്തിൽ മതപരമായ ചടങ്ങ് നടത്തിയത് തെറ്റാണെന്നാണ് സിപിഎം നേതാക്കൾ ഉൾപ്പെടെ ഉന്നയിക്കുന്നത്.

 

കഴിഞ്ഞദിവസം ഓയിൽപാം കമ്പനിയുടെ ഏരൂർ എസ്റ്റേറ്റിലെ ഫാക്ടറിക്കു മുന്നിലായിരുന്നു പൂജ. കമ്പനി ചെയർമാനും സിപിഐ സംസ്ഥാന നേതാവുമായ വി.ഇ.വിദ്യാധരന്റെ നേതൃത്വത്തിൽ ആരതി ഉഴിഞ്ഞതാണ് വിവാദമായത്. വിളവെടുപ്പിന്റെ ഭാഗമായി ശേഖരിച്ച എണ്ണപ്പനയുടെ പഴക്കുലകളുമായി ഫാക്ടറിയിൽ എത്തിയ വാഹനമാണ് കമ്പനി ചെയർമാൻ ആരതി ഉഴിഞ്ഞ് സ്വീകരിച്ചത്. 

 

സർക്കാർ സ്ഥാപനത്തിൽ ഇത്തരം മതപരമായ ചടങ്ങുകൾ പാടില്ലെന്നാണ് വിമർശനമായി  പ്രാദേശിക സിപിഎം നേതാക്കൾ ഉന്നയിച്ചത്. എന്നാലിത് മതപരമായ ചടങ്ങല്ലെന്നാണ്  ഓയിൽപാമിലെ  ഉദ്യോഗസ്ഥർ പറയുന്നത് . എല്ലാ വർഷവും ഇത്തരം ചടങ്ങുകൾ പതിവാണെന്ന് സിപിഐ നേതാക്കളും പറയുന്നു. സിപിഎം ബോധപൂർവം വിവാദമുണ്ടാക്കിയെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി.