TAGS

എറണാകുളം ജില്ലയിലെ ഗ്രാമീണ കലാകാരികള്‍ തീര്‍ത്ത ചിത്രങ്ങള്‍ക്ക് ഇടമൊരുക്കി ചിത്രശാല കലാപ്രദര്‍ശനം. മുപ്പത് കലാകാരികളുടെ ഇരുന്നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

ആശയമെന്തെന്ന് തലപുകയ്ക്കേണ്ടാത്ത, അസ്വാദകരുടെ മനംനിറയ്ക്കുന്ന ക്യാന്‍വാസുകളാണ് ഫോര്‍ട്ട് കൊച്ചി വെളിയിലെ പള്ളത്ത് രാമന്‍ ഹാളില്‍ ഒരുക്കിയിരിക്കുന്നത്. ക്യാന‍വാസുകള്‍ക്ക് ജീവന്‍ നല്‍കിയ ഭൂരിഭാഗം കലാകാരികളും ചിത്രകല പഠിച്ചിട്ടില്ലാത്തവര്‍. ചിത്രരചനയാകട്ടെ ഒഴിവുസമയങ്ങളിലും.

ജില്ലയുടെ ഗ്രാമ പ്രദേശങ്ങളിലെ വനിത കലാകരികള്‍ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ല പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. എണ്‍പത്താറ് കലാകാരികളുടെ ചിത്രങ്ങളില്‍ നിന്നാണ് മുപ്പത് പേരുടെ ഇരുന്നൂറോളം മികച്ച ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. പ്രദര്‍ശനത്തിലുള്ള ചിത്രങ്ങളുടെ വിപണനത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ജനുവരി പതിനാറ് വരെയാണ് പ്രദര്‍ശനം.