കോഴിക്കോട് നഗരത്തിലെ കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ പലതും കാത്ത് നില്‍പ്പ് കേന്ദ്രങ്ങളാണ്. പല നഗരങ്ങളിലും ആധുനിക ബസ് ബേ ഉള്‍പ്പെടെ പണികഴിക്കുമ്പോഴും ഇരിപ്പിടം പോലും ഇല്ലാത്ത അവസ്ഥയാണ് നഗരത്തില്‍. 

കോഴിക്കോട് നഗരത്തില്‍ വിവിധയിടങ്ങളില്‍ ബസ് സ്റ്റോപ്പുകളുണ്ട്. ഇതിനോടൊപ്പം തന്നെ കാത്തിരുപ്പ് കേന്ദ്രങ്ങളുമുണ്ട്. പക്ഷേ ഇവിടെ കാത്തിരിക്കാന്‍ ഇരിപ്പിടമില്ല. മാനാഞ്ചിറക്കടുത്തുള്ള ബസ് സ്റ്റോപ്പിലും ഇത് തന്നെയാണ് സ്ഥിതി. വിദ്യാര്‍ഥികളടക്കം നിരവധിയാളുകളാണ് ഇവിടെ ബസ് കാത്തു നില്‍ക്കുന്നത്. ഇവിടെ ഇരിപ്പിടത്തിന് പകരം അരമതിലാണുള്ളത്. എന്നാല്‍ അതും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന സ്ഥിതിയാണിത്. 

നഗരത്തിലെ 33 സ്ഥലങ്ങളില്‍ ബസ് ബേകള്‍ ആവശ്യമാണെന്ന് റീജിയണല്‍ ടൗണ്‍ പ്ലാനര്‍ ചൂണ്ടിക്കാട്ടിയിട്ട് 7 വര്‍ഷം പിന്നിട്ടു. വെയ്റ്റിങ് ഷെല്‍ട്ടറുകള്‍, എഫ് എം റേഡിയോ, ലൈറ്റുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ആധുനിക ബസ് ബേകളുടെ ആവശ്യം കാലിക്കറ്റ് എന്‍ ഐടിയുടെ പഠനവും ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും സൗകര്യമൊരുക്കാന്‍ അധികൃതര്‍ തയ്യാറല്ല.

ഭൂരിഭാഗം ബസ് സ്റ്റോപ്പുകളുടേയും സ്ഥിതി ഇതുതന്നെയാണ്. ആശുപത്രിയില്‍ പോകാനും മറ്റുമെത്തുന്ന പ്രായമയവരടക്കം മണിക്കൂറുകള്‍ നില്‍ക്കേണ്ട അവസ്ഥയാണ്. ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Bus Stops of Kozhikode