61–ാം സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഇക്കുറി വേദികളുടെ പേരും വ്യത്യസ്തമാണ്. സാഹിത്യലോകത്തെ അതുല്യപ്രതിഭകളുടെ കൃതികളിലെ അനശ്വരമായ സ്ഥലപ്പേരുകളിലാണ് വേദികള്‍ അറിയപ്പെടുക. എംടി വാസുദേവന്‍ നായരുടെ കൂടല്ലൂരും വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂരും മാധവിക്കുട്ടിയുടെ പുന്നയൂര്‍ക്കുളവും ഒ.വി വിജയന്റെ തസ്രാക്കും യു.എ ഖാദറിന്റെ തൃക്കോട്ടൂരുമൊക്കെ ഇത്തവണ കലോല്‍സവനാളുകളില്‍ മുഴങ്ങിക്കേള്‍ക്കും. എസ്.കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലൂടെ പ്രശസ്തമായ 'അതിരണിപ്പാടം 'എന്ന പേരാണ് പ്രധാന വേദിയായ വെസ്റ്റ് ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനത്തിന് നല്‍കിയിരിക്കുന്നത്.
ജനുവരി മൂന്നു മുതല്‍ ഏഴുവരെ ഇരുപത്തിനാല് വേദികളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. തക്ഷന്‍കുന്ന്, നാരകംപൂരം, പാണ്ഡവപുരം , തിക്കോടി, പാലേരി, മൂപ്പിലശേരി , ഉജ്ജയിനി, ഭൂമി, തിരുനെല്ലി, മയ്യഴി, അവിടനെല്ലൂര്‍, ഊരാളിക്കുടി, കക്കട്ടില്‍, തച്ചനക്കര, ശ്രാവസ്തി , ഖജുരാഹോ , മാവേലിമന്റം, ലന്തന്‍ബത്തേരി എന്നിങ്ങനെയാണ് മറ്റു വേദികളുടെ പേരുകള്‍. കലോല്‍സവ ചരിത്രത്തില്‍ പുതുമയുള്ള ആശയമാണ് വേദികളുടെ പേരിടാന്‍ ഈ വര്‍ഷം തിരഞ്ഞെടുത്തത്. വേദികള്‍ക്ക് നാമങ്ങള്‍ ക്ഷണിച്ചപ്പോള്‍ സാഹിത്യകാരന്മാരുടെയും സ്വാതന്ത്ര്യസമരസേനാനികളുടെയും കലാകാരന്മാരുടെയുമൊക്കെ പേരുകള്‍ ഇടണമെന്ന നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവെങ്കിലും അവസാനം കൃതികളിലെ സ്ഥലപ്പേരുകള്‍ തീരുമാനിക്കുകയായിരുന്നു. തൃശൂരില്‍ നടന്ന 58–ാമത് കലോല്‍സവത്തില്‍ മരങ്ങളുടെയും പൂച്ചെടികളുടെയും പേരുകളായിരുന്നു വേദികള്‍ക്ക്. പ്രളയത്തിന് ശേഷം ആലപ്പുഴയിലെ കലോല്‍സവത്തില്‍ ജില്ലയിലെ സാഹിത്യകാരന്മാരുടെ കൃതികളുടെ പേരുകളും കോവിഡിന് മുന്‍പ് നടന്ന കാസര്‍കോഡ് കാഞ്ഞങ്ങാട് സ്കൂള്‍ കലോല്‍സവത്തില്‍ വേദികള്‍ക്ക് എഴുത്തുകാരുടെയും കലാസാംസ്കാരിക പ്രവര്‍ത്തകരുടെയും പേരുകളുമായിരുന്നു നല്‍കിയത്.
കഴിഞ്ഞ കലോല്‍സവങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കലോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ അക്ഷരോപഹാരം ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. 61 –ാം സ്കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോട്ടെ 61 സാഹിത്യകാരന്മാര്‍ കയ്യൊപ്പിട്ട് നല്‍കുന്ന പുസ്തകങ്ങള്‍ അതിഥികള്‍ക്ക് അക്ഷരോപഹാരമായി നല്‍കുന്നതാണ് പരിപാടി. ഇതിന്റെ ഭാഗമായി പുസ്തകങ്ങള്‍ ശേഖരിക്കുന്ന ചടങ്ങും അവസാന ഘട്ടത്തിലാണ്. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സ്വീകരിച്ചുകൊണ്ടായിരുന്നു പുസ്തക ശേഖരണം തുടങ്ങിയത്.
State school Kalolsavam venues