അർബുദത്തെ അതിജീവിച്ച മനക്കരുത്തുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് അവനി എത്തുന്നു. തിരുവനന്തപുരം ജില്ലാ കലോൽസവത്തിൽ ശാസ്ത്രീയ സംഗീത വേദിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് അവനി കോഴിക്കോട്ടേക്ക് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്‍റെ വേദിയിലേക്ക് എത്തുന്നത്. കലോത്സവത്തിൽ മൽസരിക്കുകയല്ല, പങ്കെടുക്കുന്നതിലാണ് തന്റെ സന്തോഷമെന്ന് എസ്.എസ്.അവനി പറയുന്നത്. വെഞ്ഞാറമൂട് ഗവ എച്ച്എസ്എസിലെ പ്ലസ് ടൂ ഹ്യൂമാനിറ്റീസ് വിദ്യാർഥിനിയാണ് അവനി.
അർബുദം ശരീരത്തിൽ പിടിമുറുക്കിയപ്പോൾ സംഗീതം മുറുകെപിടിച്ചാണ് അവനി മനസിനെ പിടിച്ചുനിർത്തിയത്. നാലര വർഷം നീണ്ട ചികിൽസയ്ക്കൊടുവിൽ അർബുദത്തെ അതിന്റെ പാട്ടിന് വിട്ടു അവനി പാട്ടുപാടി. ഇത്തവണ ജില്ലാ കലോൽസവത്തിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. സംഗീതത്തില്‍ മാത്രമല്ല പഠിത്തത്തിലും മിടുക്കിയാണ് അവനി. ചികിൽസയ്ക്കിടയിൽ എഴുതിയ പത്താംക്ളാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തിരുന്നു. അച്ഛൻ ശിവപ്രസാദും അമ്മ സജിതയുമാണ് അവനിയുടെ കരുത്ത്.
Avani to State School Festival with the courage of defeating cancer