sugathakumari-t

മലയാളത്തിന്റെ എഴുത്തമ്മ സുഗതകുമാരിയുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ടുവര്‍ഷം. എഴുത്തില്‍ മാത്രമല്ല പരിസ്ഥിതി, മനുഷ്യാവകാശം തുടങ്ങിയ വിവിധ മേഖലകളില്‍ കാവലാളായി നിന്ന സുഗതകുമാരിയുടെ അഭാവം സൃഷ്ടിച്ച വിടവ് ഇന്നും തുടരുന്നു. തിരുവനന്തപുരം മ്യൂസിയം മുതല്‍ ബേക്കറി ജംക്‌ഷന്‍ വരെയുള്ള റോഡിന് സുഗതകുമാരിയുടെ പേരുനല്‍കുമെന്ന് കോര്‍പറേഷന്‍ പ്രഖ്യാപിച്ചെങ്കിലും ഇന്നും പ്രാവര്‍ത്തികമായിട്ടില്ല. 

തിരുവാറന്മുളയിലാണ് ജനിച്ചതെങ്കിലും സുഗതകുമാരിയുടെ തറവാട് തിരുവനന്തപുരം തന്നെയായിരുന്നു. മ്യൂസിയം നന്ദാവനം റോഡിലെ വസതിയിലായിരുന്നു പതിറ്റാണ്ടുകള്‍ ചെലവിട്ടത്.  പ്രിയകവിയത്രി വിടവാങ്ങിയ വേളയില്‍ കോര്‍പറേഷനാണ് ഈ റോഡിന് സുഗകുമാരിയുടെ പേര് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അത് പ്രഖ്യാപനത്തില്‍ തന്നെയൊതുങ്ങുന്നു.

കോര്‍പറേഷനും സംസ്ഥാന സര്‍ക്കാരുമൊക്കെ ഒരേമുന്നണി തന്നെ നയിക്കുമ്പോഴാണ് ഈ അവസ്ഥ.സുഗതകുമാരിയെന്ന അമ്മമരത്തണല്‍ അനുഭവിച്ചിട്ടുള്ള സൂര്യാ കൃഷ്ണമൂര്‍ത്തി  ആ ഓര്‍മകള്‍ എന്നും നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. പരിസ്ഥിതി ഉള്‍പ്പടെ വിവിധ പ്രശ്നങ്ങളില്‍ ഇന്ന്  ഒട്ടേറെ ചോദ്യങ്ങള്‍ നേരിടുമ്പോള്‍ ഭരണാധികാരികളെ നേര്‍വഴികാണിക്കാനൊരാളില്ലാത്തതിന്റെ അഭാവം നമ്മള്‍ അനുഭവിച്ചറിയുന്നു.