സംസ്ഥാന സ്കൂള്‍ കലോല്‍സവുമായി ബന്ധപ്പെട്ട് അപ്പീല്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് കോഴിക്കോട് ഡിഡിഇ. കേരള നടനത്തിലടക്കം മാനദണ്ഡങ്ങള്‍ പാലിച്ചാണ് അപ്പീല്‍ അനുവദിച്ചതെന്നും പരാതിയുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും ഡി.ഡി.ഇ മനോരമ ന്യൂസിനോട് പറഞ്ഞു.
കലോല്‍സവം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപ്പീലിലെ കല്ലുകടി. കോഴിക്കോട് റവന്യു ജില്ലയില്‍ കേരളനടനത്തില്‍ രണ്ടാംസ്ഥാനം കിട്ടിയവരെ തഴഞ്ഞ് അഞ്ചാംസ്ഥാനത്തിനും മൂന്നാം സ്ഥാനത്തിനും അപ്പീല്‍ അനുവദിച്ചെന്നായിരുന്നു ആക്ഷേപം. ഇക്കാര്യത്തില്‍ വിശദീകരണം ഇങ്ങനെ. രണ്ടാംസ്ഥാനവും എ ഗ്രേഡും മാനദണ്ഡമാക്കുമ്പോള്‍ നഗരപരിധിയിലുള്ള സ്കൂളുകള്‍ക്കാകും കൂടുതല്‍ അപ്പീല്‍ അനുവദിക്കേണ്ടിവരിക. അതൊഴിവാക്കാനും ഗ്രാമീണ മേഖലയിലെ സ്കൂളുകളുടെ പ്രാതിനിധ്യം ഉറപ്പാക്കാനുമാണ് മൂന്നാം സ്ഥാനത്തിന് അപ്പീല്‍ നല്‍കിയത്.
കോഴിക്കോട് ജില്ലയില്‍ മാത്രം ജില്ല കലോല്‍സവത്തിന് 298 അപ്പീലുകളാണ് ലഭിച്ചത് , ഇതില്‍ 40 പേര്‍ക്കാണ് സംസ്ഥാനതലത്തില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കിയത്. 10 ശതമാനം അപ്പീലേ അനുവദിക്കാവുവെന്നാണ് ചട്ടമെങ്കിലും കലോല്‍സവം നടക്കുന്ന ജില്ലയായതുകൊണ്ടാണ് മൂന്ന് ശതമാനം കൂടി അധികം അനുവദിച്ചതെന്നും ഡി.ഡി.ഇ പറയുന്നു