ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗി മരിച്ചു.  മെഡി.കോളജില്‍ കഴിഞ്ഞിരുന്ന  സമയത്ത്   മതിയായ വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാലാണ് രോഗി മരിച്ചതെന്നുമുള്ള പരാതിയുമായി ബന്ധുക്കൾ രംഗത്ത്. അമ്പലപ്പുഴ   വണ്ടാനം കാട്ടുമ്പുറം വെളി രാധാകൃഷ്ണനാണ് ഞായറാഴ്ച മരിച്ചത്.

കൂലിപ്പണിക്കാരനായ രാധാകൃഷ്ണനെ ശ്വാസം മുട്ടലിനെത്തുടർന്ന് ഈ മാസം 5നാണ് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്.  പി.ജി. വിദ്യാർത്ഥികളായ ഡോക്ടർമാരും ഹൗസ് സർജൻമാരും മാത്രമാണ് പരിശോധനക്ക്എത്തിയതെന്ന് രാധാകൃഷ്ണൻ്റെ കുടുംബം പറയുന്നു. രാധാകൃഷ്ണന് നെഞ്ചു വേദന കൂടിയിട്ടും ബെഡ് ഒഴിവ് ഇല്ലാതിരുന്നതിനാൽ ഐസിയുവിലേക്ക് മാറ്റാനായില്ല. ന്യൂമോണിയ ബാധിച്ച വിവരം ശനിയാഴ്ചയാണ് ബന്ധുക്കളോട്  പറഞ്ഞത്. വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനാലാണ് അണുബാധ ഉണ്ടായതെന്ന്  ബന്ധുക്കൾ. സെക്യൂരിറ്റി ജീവനക്കാർ മോശമായാണ് പെരുമാറിയത്.

രാധാകൃഷ്ണനെ ശനിയാഴ്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച വൈകിട്ട് മരിച്ചു..  വിദഗ്ധ ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭ്യമാകുന്നില്ലെന്ന ആക്ഷേപം വ്യാപമാകുന്നതിനിടെയാണ് പുതിയ പരാതി.