ഡ്രൈവര്‍ക്ക് തലച്ചുറ്റിയതോടെ കോളജ് ബസ് നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് പാഞ്ഞുക്കയറി. ഹോട്ടല്‍ ജീവനക്കാരിയ്ക്കും വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. തൃശൂര്‍ കുണ്ടന്നൂരില്‍ രാവിലെ ഒന്‍പതോടെയായിരുന്നു അപകടം.
മലബാര്‍ എന്‍ജിനീയറിങ് കോളജിന്റേതാണ് ബസ്. വിദ്യാര്‍ഥികളുമായി രാവിലെ കോളജിലേക്ക് വരികയായിരുന്നു. വടക്കാഞ്ചേരി...കുന്നംകുളം സംസ്ഥാനപാതയില്‍ കുണ്ടന്നൂരില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ക്ക് തലച്ചുറ്റി. ബസ് നേരെ വഴിയരികിലെ ഹോട്ടലിലേക്ക് പാഞ്ഞുക്കയറി. ഹോട്ടലില്‍ ജോലിയെടുത്തിരുന്ന വനിതാ തൊഴിലാളിയ്ക്കു ഗുരുതരമായി പരുക്കേറ്റു. ബസിലെ വിദ്യാര്‍ഥികളുടെ പരുക്ക് നിസാരമാണ്. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലില്‍ ഇടിച്ച ശേഷമാണ് ബസ് നിന്നത്. ഡ്രൈവറുടെ ആരോഗ്യപ്രശ്നമാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വടക്കാഞ്ചേരി പൊലീസ് സ്ഥലത്ത് എത്തി ഗതാഗതം പൂര്‍വസ്ഥിതിയിലാക്കി. അപകടത്തില്‍പ്പെട്ട ബസ് മാറ്റി.