ഇന്ന് ലോക സാരി ദിനമാണ്. സാരിയുടെ മൂല്യവും അതിന്റെ സാമൂഹിക-സാമ്പത്തിക നേട്ടങ്ങളും മനസ്സിലാക്കിയ ഒരു കൂട്ടം ഇന്ത്യൻ വനിതകളാണ് ലോക സാരി ദിനം ആഘോഷിക്കാനുള്ള ആശയം പങ്കുവെച്ചത്. സാരിയുടെ ഭംഗി ആഘോഷിക്കാനുള്ള ദിവസം എന്നതിലുപരി കൈത്തറി മേഖലയുടെ സംരക്ഷണവും കൈത്തറിക്ക് ലോകമെമ്പാടും പ്രചാരണവും ഇതുകൊണ്ട് ഉദ്ദേശിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ ദിനം ആഗോള തലത്തിൽ ആഘോഷിക്കപ്പെടുന്നു, ആളുകളോട് സാരി ധരിക്കാൻ അഭ്യർത്ഥിക്കുന്നു. സാരി ഡേ ആഘോഷിക്കുന്നതിന്റെ പിന്നിലെ ആശയം സാരികൾ ധരിക്കുന്നത് മാത്രമല്ല, പുതിയ ഡിസൈനുകൾ പരീക്ഷിക്കുക കൂടിയാണ്.
എല്ലാ വര്‍ഷവും ട്രെന്‍ഡിങാകുന്ന സാരി ഡിസൈനുകള്‍ക്ക് പിന്നില്‍ സിനിമകളുടെയും സെലിബ്രിറ്റികളുടെയും ഡിസൈനര്‍മാരുടെയും പ്രചോദനമുണ്ട്.എങ്കിലും എപ്പോഴും 'ഇന്‍' ആയ വസ്ത്രമാണ് സാരി. ഈ പരമ്പരാഗത വസ്‌ത്രത്തിന്റെ സൗന്ദര്യവും അതിശയകരമായ വൈവിധ്യവും ആഘോഷിക്കാനുള്ള ദിവസമാണിത്.