lotterywb

എല്ലാ ദിവസവും പത്തിലേറെ ലോട്ടറി എടുക്കുന്ന ഡാനിയേലിന് നേരത്തെ 5000, 2000, 1000, 100 രൂപ വരെ അടിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം കിട്ടുന്നത് ആദ്യമാണ്. സെന്റ് മേരീസ് പള്ളിയുടെ ഭാഗത്തു കൂടി പോയ വികലാംഗനായ ലോട്ടറി വിൽപനക്കാരനായ യുവാവിനെ വിളിച്ചു വരുത്തി എടുത്ത ലോട്ടറിക്കാണ് ഡാനിയേലിന് ഭാഗ്യം കൊണ്ടുവന്നത്. 

 ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചതിന്റെ സന്തോഷത്തിലാണ് അടൂർ കരുവാറ്റ സെന്റ് മേരീസ് ഓർത്ത‍ഡോക്സ് പള്ളിയുടെ സൂക്ഷിപ്പുകാരൻ കൂടിയായ മേലൂട് കരിന്തേനൂർ    വടക്കേക്കര വീട്ടിൽ ഡാനിയേൽ ഉണ്ണൂണ്ണി (68). കഴിഞ്ഞ 11ന് നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം  ഡാനിയേൽ എടുത്ത എടി–465983 എന്ന നമ്പരിനാണ് അടിച്ചത്.സമ്മാനമടിച്ച ലോട്ടറി കേരള ബാങ്കിന്റെ അടൂർ ശാഖയിൽ നൽകി. 70 ലക്ഷം രൂപ അടിച്ചെങ്കിലും വലിയ മോഹങ്ങൾ ഒന്നുമില്ല‌, ഇതിൽ നിന്ന് കുറച്ച് വിഹിതം വിവാഹം കഴി‍ച്ച് അയച്ച 2 പെൺമക്കൾക്ക് നൽകണം. ബാക്കി തുക അത്യാവശ്യ കാര്യങ്ങൾക്ക് വിനിയോഗിക്കുമെന്നും ഡാനിയേൽ പറഞ്ഞു. കരുവാറ്റ പള്ളിയുടെ നേതൃത്വത്തിൽ വച്ചു നൽകിയ വീട്ടിലാണ് ഡാനിയേലും കുടുംബവും താമസിക്കുന്നത്.