പഴമയുടെ ഓർമ്മ ഉണർത്തി ചൂരലും ചിരിയും എന്ന പേരിൽ കട തുടങ്ങി പൂർവ വിദ്യാർഥികള്‍. കുമാരനല്ലൂർ ദേവി വിലാസം ഹൈസ്കൂളിലെ 83 എസ് എസ് എൽ സി ബാച്ചാണ് വ്യത്യസ്തമായ ആശയം നടപ്പിലാക്കിയത്. കുമാരനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചായിരുന്നു ചൂരലും ചിരിയും എന്ന പേരിൽ കട തുടങ്ങിയത്.
അഞ്ചു രൂപ കൊടുത്താൽ ചുട്ട മൂന്നു ചക്കക്കുരു കിട്ടും ....ചേമ്പ്, കപ്പ മധുരക്കിഴങ്ങ്,കാച്ചിൽ,തുടങ്ങി എല്ലാം ചൂടോടെ.. കടയ്ക്ക് മുന്നിൽ ആള് കൂടിയതോടെ വേഗത്തിൽ എത്തിക്കാനുള്ള തിരക്കിലാണ് കുമാരനല്ലൂർ ദേവി വിലാസം സ്കൂളിലെവിദ്യാർത്ഥികൾ. ഇത്തവണത്തെ കൂട്ടായ്മയ്ക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന സ്കൂൾ വാട്സപ്പ് ഗ്രൂപ്പിലെ അഭിപ്രായത്തിന് ബാക്കിയുള്ള എല്ലാവരും ഒക്കെ പറഞ്ഞതോടെ കട റെഡിയായി.കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് കട ഇട്ടിരിക്കുന്നത്. പ്രവർത്തി സമയം വൈകിട്ട് 5 മുതൽ 12 വരെ. പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയുടെ പോസ്റ്റർ, ഓല മേഞ്ഞ മേൽക്കൂര തുടങ്ങി എല്ലാം 83 സ്റ്റൈലാണ്. കടയിൽ തിരക്കില്ലാത്തപ്പോൾ സ്കൂൾ കാലത്തെ കളികളും വിനോദങ്ങളുമായി പൂർവ്വ വിദ്യാർത്ഥികൾക്കൊപ്പം കുടുംബാംഗങ്ങളും ചേരും. ഈ വർഷത്തെ ആശയത്തിന് അടുത്ത വർഷത്തെ കൂട്ടായ്മയ്ക്കായുള്ള പുത്തൻ ആശയങ്ങൾ ഇപ്പോഴേ പങ്കുവെച്ച് തുടങ്ങുകയാണ് പൂർവ്വ വിദ്യാർത്ഥികൾ.