കോടതി വിധികൾക്കെതിരായ വിമർശനങ്ങൾക്കെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചാൽ അത് ഇഷ്ടപ്പെടാത്തവർ ജഡ്ജിയെ ജുഡീഷ്യൽ ആക്ടിവിസ്റ്റ് ആക്കുമെന്ന് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അനുസ്മരണത്തിലായിരുന്നു ദേവൻ രാമചന്ദ്രന്റെ വിമർശനം. 

 

സമീപകാല കോടതിവിധികൾക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനമുയർന്ന പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവന്റെ രാമചന്ദ്രന്റെ പരാമർശങ്ങൾ. ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചാൽ അത് ഇഷ്ടപ്പെടാത്തവർ ജഡ്ജിയെ ജുഡീഷ്യൽ ആക്ടിവിസ്റ്റ് ആക്കും. ആളുകൾക്ക് ഇഷ്ടമുള്ള ഉത്തരവ് പുറപ്പെടുവിച്ചാൽ ജഡ്ജി മിടുക്കനാകും. എല്ലാ ഉത്തരവുകളും ഭരണഘടനക്കുള്ളിൽ നിൽക്കുന്നവയാണ്. അത് ആളുകൾക്ക് ഇഷ്ടമാകുന്നുണ്ടോ ഇല്ലയോ എന്നതല്ല പ്രസക്തം. ഭരണഘടനയനുസരിച്ച് എന്താണോ ചെയ്യേണ്ടത് അത് മാത്രമാണ് താൻ ചെയ്യുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു

 

ജുഡീഷ്യറിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ വരുന്നത് ചില ആളുകളുടെ നിക്ഷിപ്ത താൽപര്യങ്ങൾ കാരണമാണ്. ഭരണഘടന അനുസരിച്ചേ എല്ലാ ജനങ്ങളും പ്രവർത്തിക്കുവെന്ന് തീരുമാനിച്ചു കഴിഞ്ഞാൽ ഈ രാജ്യം നല്ല രീതിയിൽ മാറുമെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു