ഖത്തറിൽ ഫുട്ബോൾ ആവേശം അലയടിക്കുമ്പോൾ വൈക്കം സർവീസ് സഹകരണ ബാങ്കിലും ആവേശം പൊടിപൊടിക്കുകയാണ്.ബാങ്കിലെത്തുന്ന നാട്ടുകാർക്ക് ഗോളടിച്ച് അക്കൗണ്ട് നേടാം. തോട്ടകം സർവ്വീസ് സഹകരണ ബാങ്കിൽ സ്ഥാപിച്ചിരിക്കുന്ന ഗോൾ പോസ്റ്റിൽ ഗോളടിച്ചാൽ സീറോ ബാലൻസ് അക്കൗണ്ടാണ് ബാങ്കിന്റെ വാഗ്ദാനം.
1923 ൽ തുടങ്ങി ശതാബ്ദിയുടെ നിറവിലെത്തിയ തോട്ടകംസർവ്വീസ് സഹകരണബാങ്കിലാണ് അക്കൗണ്ട് തുറക്കാനുള്ള ഗോൾ പോസ്റ്റ് ഉള്ളത്. ബാങ്കിൽ എത്തു ഗോളടിക്കു അക്കൗണ്ട് നേടൂ എന്നാണ് ആഹ്വാനം. ഡിസംബർ 17 വരെ ഈ പോസ്റ്റിൽ ആർക്ക് വേണമെങ്കിലും ഗോളടിക്കാം.ഗോളടിച്ച് രേഖകൾ ഹാജരാക്കിയാൽ സീറോ ബാലൻസ് അക്കൗണ്ട് നൽകും.
ബാങ്കിന്റെ പ്രവർത്തനപരിധിയിലുള്ള 18 വയസിനു മുകളിൽ പ്രായമുള്ള ആർക്കും ഇങ്ങനെ ഗോളടിക്കാം. ഗോളടിച്ചില്ലെങ്കിലും സീറോ ബാലൻസ് അക്കൗണ്ട് കിട്ടുമല്ലോ എന്ന് സംശയമുള്ളവർക്ക് ലഹരിയിൽ മുങ്ങുന്ന യുവാക്കളിൽ കായികലഹരി ഉണർത്തുന്നത് കൂടി ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നതെന്നാണ് ബാങ്ക് ഭരണസമിതിയുടെ വിശദീകരണം
ലോകകപ്പ് പ്രവചന മൽസരത്തിനും ഇവിടെ അവസരമുണ്ട്. വിജയികൾക്ക് ഫുട്ബോൾ സമ്മാനമായി നൽകും. സ്ഥലത്തെ എല്ലാ ക്ലബ്ബുകൾക്കും ഫുട്ബോൾ സമ്മാനമായി നൽകാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 21 ക്ലബുകൾ ഇതുവരെ പേര് റജിസ്ട്രർ ചെയ്തിട്ടുണ്ട്. 17 ന് ഈ ഗോൾ പോസ്റ്റിൽ ഷൂട്ടൗട്ട് മൽസരം കൂടി സംഘടിപ്പിക്കാനാണ് തീരുമാനം.