TAGS

നഷ്ടത്തിലായ കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ ആവിഷ്കരിച്ച ഗ്രാമവണ്ടി എറണാകുളം ജില്ലയില്‍ സര്‍വീസ് ആരംഭിച്ചു. കൈത്തറിയുടെ ഈറ്റില്ലമായ ചേന്ദമംഗലം പഞ്ചായത്തിലാണ് ഗ്രാമവണ്ടി സര്‍വീസ് നടത്തുന്നത്. 

ഗ്രാമവണ്ടിയുടെ ജില്ലയുടെ കന്നിയാത്രയ്ക്ക് മന്ത്രി ആന്‍റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ആരവങ്ങളും പാട്ടുമായി ആദ്യയാത്ര. പാലിയത്തെ രാജവീഥിയിലൂടെ ഗോതുരുത്ത്, കോട്ടയിൽ കോവിലകം, കരിമ്പാടം തുടങ്ങി ചരിത്രമുറങ്ങുന്ന നാട്ടിട റോഡുകളിലൂടെയെല്ലാം സഞ്ചരിച്ച് മാറ്റപ്പാടത്ത് സമാപിക്കുന്ന രീതിയിലാണ് ഗ്രാമവണ്ടിയുടെ സഞ്ചാരപാത. പഞ്ചായത്തിലെ യാത്രാക്ലേശത്തിന് ഗ്രാമവണ്ടി പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി. 

വാഹന സൗകര്യം കുറഞ്ഞ പ്രദേശങ്ങളിലേക്കും, ലാഭകരമല്ലെന്ന് കണ്ടെത്തി ബസ് സർവ്വീസുകൾ വെട്ടി ചുരുക്കിയ ഇടങ്ങളിലേക്കുമായി കെഎസ്ആര്‍ടിസി ആവിഷ്കരിച്ച പദ്ധതിയാണ് ഗ്രാമ വണ്ടി. ഇന്ധന ചിലവ് പൂർണ്ണമായും വഹിക്കാമെന്ന്്  പഞ്ചായത്ത് ഉറപ്പ് നൽകിയതോടെയാണ് ചേന്ദമംഗലത്തേക്ക് ഗ്രാമവണ്ടി എത്തിയത്. തനത് ഫണ്ടിൽ നിന്നും പന്ത്രണ്ട് ലക്ഷം രൂപയാണ് ഗ്രാമ വണ്ടിക്കായി പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.