school-kalolsavam

സ്കിറ്റ്, മൂകാഭിനയ ഇനങ്ങളിൽ അഭിനയത്തിന്റെ ഭാവപ്പകർച്ചകളുമായി വേദിയിൽ അരങ്ങു തകർത്ത പ്രതിഭകൾ അറിഞ്ഞിട്ടുണ്ടാകുമോ എന്തോ, അവർ നിന്നയിടത്തിന്റെ ‘ചരിത്രപ്രാധാന്യം’. വെള്ളിത്തിരയിൽ ഇന്നത്തെ സൂപ്പർ താരങ്ങളിൽ പലരും ഒരുകാലത്ത് അഭിനയ മോഹവുമായി ക്യാമറയ്ക്കു മുന്നിൽ കഴിവു തെളിയിക്കാനും സംവിധായകരുടെ ‘തംപ്സ് അപ്’ കിട്ടാനും പാടുപെട്ടത് ഇതേ സ്ഥലത്താണ്; ഒറ്റപ്പാലം പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് മുറ്റത്ത്.

 

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിക്രം മുതൽ ഒട്ടേറെപ്പേരുടെ അഭിനയ ജീവിതത്തിനു വഴിത്തിരിവായ ഇടമാണു റെസ്റ്റ് ഹൗസ്. മലയാള സിനിമയിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന വിക്രം അന്നു നിരാശനായി മടങ്ങി; പിന്നെ സൂപ്പർ താരമായി.

 

മഞ്ജു വാരിയറും കാവ്യ മാധവനും മീര ജാസ്മിനും ഉൾപ്പെടെയുള്ള നായികമാരുടെ മുഖം ആദ്യമായി ക്യാമറയിൽ പതിഞ്ഞതും ഷൊർണൂർ, ഒറ്റപ്പാലം റെസ്റ്റ് ഹൗസ് മുറ്റങ്ങളിൽതന്നെ. ജയറാം അവതരിപ്പിച്ച പല ജനപ്രിയ വേഷങ്ങളു‌ടെയും ലൊക്കേഷൻ ഇതേ മുറ്റമായിരുന്നു. ശ്രീനിവാസനും ജഗതി ശ്രീകുമാറുമൊക്കെ പല വേഷങ്ങളിൽ ഇവി‌ടെ നിന്നു. സിനിമയു‌ടെ ആരവമൊഴിഞ്ഞ റെസ്റ്റ് ഹൗസ് മുറ്റം കലാകൗമാരത്തിന്റെ അഭിനയ മുഹൂർത്തങ്ങൾക്കു കൂ‌ടി സാക്ഷ്യം വഹിക്കുകയായിരുന്നു ഇന്നലെ.