തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോല്‍സവത്തിലെ മാര്‍ഗംകളി ഫലത്തെച്ചൊല്ലി തര്‍ക്കം. അട്ടിമറി നടത്തിയെന്നാരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സ്കൂളില്‍ ബഹളംവെച്ചു. പരാതിയുണ്ടെങ്കില്‍ അപ്പീല്‍ നല്‍കണമെന്നു സംഘാടകര്‍ അറിയിച്ചു

 

മാര്‍ഗംകളിയുടെ റിസള്‍ട്ട് വന്നപ്പോഴാണ് പങ്കെടുത്ത മറ്റു സ്കൂളിലെ കുട്ടികള്‍ രോഷാകുലരായത്. കാര്‍മല്‍ സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം കിട്ടിയത്. എന്നാല്‍ ഇതു വിധികര്‍ത്താക്കളുടെ പിഴവാണെന്നാണ് ഒരു വിഭാഗം കുട്ടികളുടെ ആക്ഷേപം. തുടര്‍ന്നു കുട്ടികള്‍ സ്കൂളിനു മുന്നില്‍ ബഹളം വെച്ചു. സംഘാടകര്‍ അറിയിച്ചതനുസരിച്ച് മ്യൂസിയം പൊലീസും സ്ഥലത്തെത്തി. എന്നാല്‍ കുട്ടികള്‍ പിന്‍മാറാന്‍ തയ്യാറായില്ല

 

ബഹളം കടുത്തതോടെ സംഘാടക സമിതിയിലെ അധ്യാപകരെത്തി വിദ്യാര്‍ഥികളെ സ്കൂളിനുള്ളിലേക്ക് കൊണ്ടു പോയി. അപ്പീലിനു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കുട്ടികള്‍ വഴങ്ങിയില്ലെങ്കിലും അധ്യാപകര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഇന്നവസാനിക്കുന്ന ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ തിരുവനന്തപുരം സൗത്ത് ഉപജില്ലയാണ് മുന്നില്‍