brinda-dayapuram

ഇന്ത്യൻ ഭരണഘടനയുടെ സ്ഥാപനങ്ങൾ തകരുന്നതും അതിന്‍റെ സത്തയെ നിർമാർജനം ചെയ്യുന്നതും സ്ത്രീകളുടെ സ്ഥിതി കൂടുതൽ ദു:സ്സഹമാക്കുമെന്ന് ബൃന്ദ കാരാട്ട്. ദയാപുരം കോളേജിന്‍റെ ഇരുപതാം വാർഷിക സംഭാഷണങ്ങളുടെ ഭാഗമായി നടന്ന 'സ്ത്രീകൾ, ഇന്ത്യയെന്ന ആശയം, നാളെയുടെ രാഷ്ട്രീയം' എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.

 

സ്ത്രീകൾക്കെതിരെയുള്ള ഹിംസ സാമൂഹിക അസമത്വത്തിന്‍റെ ഏറ്റവും രൂക്ഷമായ രൂപമാണ്. അതിനെ ദുർബലപ്പെടുത്താൻ കൂട്ടായ പ്രതിഷേധം, വ്യക്തികളുടെ ശബ്ദങ്ങൾ, സിനിമ, സാഹിത്യം തുടങ്ങി ഏതു രൂപത്തിലൂടെയുമുള്ള സാംസ്കാരിക പ്രവർത്തനം എന്നിവയൊക്കെ ആവശ്യമാണെങ്കിലും നിയമവാഴ്ചയും ഭരണഘടനാപരമായ അവകാശങ്ങളും ഇല്ലാതാകുന്ന അവസ്ഥ സ്ത്രീകളെ കൂടുതൽ അപകടത്തിലേക്ക് കൊണ്ടുപോകും. വ്യക്തിപരമായ അനുഭവവും സാമൂഹ്യഘടനയും തമ്മിലുള്ള ബന്ധം മനസ്സിലാക്കി കൂട്ടായ്മകൾ രൂപീകരിക്കാൻ സ്ത്രീകൾ ശ്രമിക്കണമെന്ന് ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.

 

ദക്ഷിണ കർണാടകത്തിലെ വിദ്യാർത്ഥിനികളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തെയും ഇറാനിലെ സ്ത്രീകൾ ശിരോവസ്ത്രം ഇടാത്തതിനെതിരെ പ്രതിഷേധിച്ചു നടക്കുന്ന സമരങ്ങളെയും ഒരേസമയം പിന്തുണയ്ക്കുന്നത് കാപട്യമാണെന്ന് ചിലർ ആരോപിക്കുന്നു. എന്നാൽ സ്ത്രീകളുടെ സ്വന്തം ശരീരത്തെപ്പറ്റിയും വസ്ത്രത്തെപ്പറ്റിയുമുള്ള തെരഞ്ഞെടുപ്പുകളെ ബഹുമാനിക്കുക, അവരുടെ പഠിക്കാനും സമൂഹത്തിൽ ഇടപെടാനുമുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുക തുടങ്ങിയ ആദർശങ്ങളിൽ വിശ്വസിക്കുന്നവർക്ക് ഇതില്‍ യാതൊരു വൈരുദ്ധ്യവുമില്ല- ബൃന്ദ കാരാട്ട് പറഞ്ഞു. ഏതുസമരവും പ്രത്യേക പശ്ചാത്തലത്തിൽ മനസ്സിലാക്കാനുള്ള ചരിത്രബോധം നാം ആർജ്ജിച്ചേ തീരൂ- അവർ കൂട്ടിച്ചേർത്തു. ഇന്നത്തെ വെറുപ്പിന്‍റെയും ജാതീയതയുടെയും രാഷ്ട്രീയമാണ് ഇന്ത്യയുടെ ഭാവി ആവാൻ പോകുന്നതെങ്കിൽ നമുക്കൊരു ഭാവി ഉണ്ടാവില്ല- ബൃന്ദ മുന്നറിയിപ്പ് നൽകി. 

 

എപ്പോഴും പെൺകുട്ടികളാണ് ഉപദേശം കേൾക്കേണ്ടിവരാറ്; ഇനി നാം ആൺകുട്ടികളെ ഉപദേശിച്ചു നന്നാക്കാനാണ് തുടങ്ങേണ്ടതെന്ന് മോഡറേറ്ററായിരുന്ന കെ.കെ ഷാഹിന പറഞ്ഞു. സ്വന്തം അവകാശങ്ങൾക്കു വേണ്ടി കുടുംബത്തിലോ ബന്ധങ്ങളിലോ സ്ഥാപനങ്ങളിലോ നിലകൊള്ളുമ്പോൾ നിങ്ങൾ ഒരു രാഷ്ട്രീയ ജീവി ആയി മാറുകയാണെന്ന് അഡ്വ. ജ്യോതി വിജയകുമാർ പറഞ്ഞു. രാഷ്ട്രീയ പാർട്ടി ഏതാണെങ്കിലും പ്രാഥമികമായി സ്ത്രീകളാണ് എന്ന സ്വത്വത്തിന്‍റെ പ്രാധാന്യം രാഷ്ട്രീയരംഗത്തുള്ള ഏതൊരു സ്ത്രീയും അനുഭവിച്ചിരിക്കുമെന്ന് അഡ്വ. നജ്മ തബ്ഷീറ പറഞ്ഞു.

 

ദയാപുരം മരക്കാർ ഹാളില്‍ ചേർന്ന ചടങ്ങില്‍ പേട്രണ്‍ സി.ടി അബ്ദുറഹിം ഉപഹാരം നൽകി. സ്ത്രീവിവേചനത്തിനെതിരെ വിദ്യാർത്ഥിയായ സനിയ്യ പ്രമേയം അവതരിപ്പിച്ചു വിദ്യാർത്ഥിനികളായ യുസൈറ സ്വാഗതവും ഫർഹ നന്ദിയും പറഞ്ഞു.