കോഴിക്കോട് നഗരത്തില്‍ ഭൂമി കയ്യേറി അതിക്രമം. തൊണ്ടയാട് സ്വദേശിനി സുമതിയുടെ ബൈപാസിന് സമീപത്തെ സ്ഥലത്തേലേക്കുള്ള വഴിയാണ് ജെസിബി ഉപയോഗിച്ച് കുഴിച്ച നിലയിലുള്ളത്. സ്ഥലം കൈക്കലാക്കാനായി പ്രദേശത്തെ സ്വകാര്യ വ്യക്തികളാണ് ഇത് ചെയ്തതെന്നാണ് സ്ഥലമുടമയുടെ ആരോപണം.

ആകെയുള്ള 5 സെന്റിലേക്കുള്ള വഴിയാണിത്. ആധാരപ്രകാരം പുരയിടത്തിലേക്ക് 4 അടി വീതിയുള്ള വഴിയുണ്ട്. ഇവിടെ വീടുവെക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സുമതിയും കുടുംബവും. ഇതിനുള്ള വായ്പയും തയാറായപ്പോഴാണ് അതിക്രമം.  57 വര്‍ഷമായി സ്ഥലം വാങ്ങിയിട്ട്. ബൈപ്പാസിനടുത്തുള്ള പുരയിടത്തിന്മേല്‍ കണ്ണുവെച്ച് പലരും തന്നെ സമീപിച്ചിരുന്നതായും ഇവര്‍ പറയുന്നു. റോഡില്‍ നിന്ന് വഴിയിലേക്കുള്ള ഭാഗവും അടച്ചുകെട്ടിയ നിലയിലാണ്. വിഷയത്തില്‍ കലക്ടറടക്കമുള്ളവര്‍ക്ക് പരാതി നല്‍കി രണ്ടുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് സുമതി പറയുന്നു. വില്ലേജ് ഓഫിസില്‍ നിന്ന് പരിശോധന നടത്തിപോയെങ്കിലും പിന്നെ വിവരമൊന്നുമുണ്ടായില്ല.