sankaranwb

ജഡ്ജിമാരെ നിയമിക്കുന്ന  കൊളീജിയം സംവിധാനം മോശമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് നിയമ കമ്മീഷൻ അംഗം ജസ്റ്റിസ് കെ.ടി.ശങ്കരൻ. എന്നാൽ അതിൽ ന്യൂനതകളും ഉണ്ട്. നിയമ കമ്മീഷനുമായി ബന്ധപ്പെട്ട് ചെയ്തു തീർക്കാൻ നിരവധി കാര്യങ്ങളുണ്ടെന്നും കെ.ടി. ശങ്കരൻ  വ്യക്തമാക്കി. നിയമ കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ടെ കെ.ടി.ശങ്കരനെ ഹൈക്കോടതിയിലെ കേന്ദ്രസർക്കാർ അഭിഭാഷകരുടെ നേതൃത്വത്തിൽ അനുമോദിച്ചു. 

കേരള ഹൈക്കോടതിയിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിന് ശേഷം മനോരമ ന്യൂസിനോട് സംസാരിക്കവെയാണ് കൊളീജിയം സംബന്ധിച്ച് ജസ്റ്റിസ് കെ.ടി.ശങ്കരൻ നിലപാട് വ്യക്തമാക്കിയത്. കൂട്ടായ പ്രവർത്തനമാണ് നിയമ കമ്മീഷന് ആവശ്യമെന്നത് കെ.ടി.ശങ്കരൻ പറഞ്ഞു. നാലുവർഷത്തിനുശേഷമാണ് നിയമ കമ്മീഷൻ പുനഃസംഘടിപ്പിക്കുന്നത്. 

അതുകൊണ്ടുതന്നെ ചെയ്തു തീർക്കാൻ നിരവധി കാര്യങ്ങളുണ്ട്. അതേ സമയം, ഏകീകൃത സിവിൽ കോഡ്, ഹിജാബ് വിഷയം എന്നിവയിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. നിയമ കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതിയിലെ കേന്ദ്രസർക്കാർ അഭിഭാഷകരുടെ നേതൃത്വത്തിൽ ജസ്റ്റിസ്  കെ.ടി.ശങ്കരനെ അനുമോദിച്ചത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിയമസംവിധാനം സാധാരണക്കാർക്കു കൂടി പ്രാപ്യമാകുന്ന തരത്തിലാകണമെന്നും, സേവനങ്ങൾ പാവപ്പെട്ടവനിലേക്കെത്തിക്കാൻ അഭിഭാഷകർക്കു സാധിക്കണമെന്നും മറുപടി പ്രസംഗത്തിൽ കെ.ടി.ശങ്കരൻ പറഞ്ഞു.