രാജ്യാതന്തര തലത്തില്‍ ശശി തരൂര്‍ ഒരു വലിയ ഫ്രയിമാണ്. തോല്‍വികളെപ്പോലും ആഘോഷമാക്കുന്ന ശശി തരൂര്‍ മാജിക് പലകുറി നാം കണ്ടു. ഐക്യരാഷ്ട്രസഭയിലെ മുന്‍ നയതന്ത്രജ്ഞന്‍.യുഎന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ശശി തരൂര്‍ കോഫി അന്നാനു ശേഷം യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മല്‍സരിച്ചു. അനൗദ്യോഗിക വോട്ടെടുപ്പുകള്‍ക്കുശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ പിന്മാറി. എന്നാല്‍ ആ പിനമാറ്റം പോലും തരൂരിനെ സ്റ്റാറാക്കി. ശശി തരൂര്‍ എന്ന പേര് രാജ്യത്താകെ ചര്‍ച്ചയായി. 1978 മുതല്‍ 2007 വരെ ഐക്യരാഷ്ട്ര സഭയില്‍ പ്രവര്‍ത്തിച്ചിരുന്ന തരൂര്‍ പൊടുന്നനെ കോണ്‍ഗ്രസുകാരന്‍റെ ഉടുപ്പണിഞ്ഞു. 2009 ലെ ലോക്സഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താര പരവേഷവുമായി തിരുവനന്തപുരത്തേക്ക്.
ഇടതുപക്ഷത്തിന്റെ കൈപ്പിടിയിലായിരുന്ന മണ്ഡലത്തില്‍ യുഡിഎഫിന് ആ തിരഞ്ഞെടുപ്പില്‍ ഒരുലക്ഷത്തിനടുത്ത് ഭൂരിപക്ഷം. നേരെ പാര്‍ലമെന്‍റില്‍. വെറും എംപിയല്ല. കേന്ദ്ര വിദേശകാര്യ സഹമന്ത്രി. ഐപിഎല്‍ വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടമായി. എന്നാല്‍ 2012 ല്‍ മന്ത്രിസഭാ പുനസംഘടനാ സമയത്ത് വീണ്ടും പരിഗണന. വിവാദങ്ങള്‍ വന്നും പോയും ഇരുന്നപ്പോളും 2014 ലും 2019 ലും തരൂര്‍തന്നെ തിരുവനന്തപുരത്തിന്‍റെ ശബ്ദമായി ലോക്സഭയിലെത്തി. ഇക്കാലയളവിലെല്ലാം തന്‍റെ പേരിന് കൃത്യമായ ഇടം രാജ്യത്ത് നിലനിര്‍ത്താന്‍ ശശി തരൂരിനായി. രാഷ്ട്രീയത്തിലെ താഴേത്തട്ട് പ്രവര്‍ത്തനം തരൂരിന് വശമില്ല. എന്നാല്‍ തരൂര്‍ നയതന്ത്രജ്ഞനാണെന്നത് മറക്കരുത്.
ഐക്യരാഷ്ട്ര സഭയില്‍നിന്ന് കേരള രാഷ്ട്രീയത്തിലേക്ക് പറന്നിറങ്ങിയത് വെറുതെയല്ല എന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ തെളിയിച്ച തരൂര്‍ വീണ്ടും അക്കാര്യതന്നെ ഓര്‍മിപ്പിച്ച് മുന്നേറുകയാണ്. ഇക്കുറിപക്ഷേ ജയിച്ച് ഡല്‍ഹിക്ക് പറക്കലല്ല ലക്ഷ്യമാക്കുന്നതെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചറിഞ്ഞത് വൈകിയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ തിരുത്താനുറച്ചിറങ്ങിയ വിമതപക്ഷത്തായിരുന്നു തരൂരിന്‍റെ സ്ഥാനം. പുനസംഘടനയും തിരഞ്ഞെടുപ്പും ആവശ്യപ്പെടുക മാത്രമല്ല, തിരഞ്ഞെടുപ്പു നടന്നാല്‍ മല്‍സരരംഗത്തുണ്ടാകുമെന്നും വിമതര്‍ തറപ്പിച്ചു പറഞ്ഞു. ഒടുവില്‍ പലരും ഉള്‍പ്പാര്‍ട്ടി പോരാട്ടം അവസാനിപ്പിക്കുകയോ നോതൃത്വവുമായി സമരസപ്പെടുകയോ ചെയ്തു. എന്നാല്‍ തരൂര്‍ പിന്മാറിയില്ല. നിലപാടിലുറച്ചുനിന്ന് ഐഐസിസി അധ്യക്ഷ പദവിയിലേക്ക് മല്‍സരിച്ചു. പരാജയപ്പെട്ടു. എന്നാല്‍ പണ്ട് യുഎന്നിലേക്ക് മല്‍സരിക്കാനിറങ്ങിയതുപോലെ തന്നെ. തന്‍റെ പരാജയത്തെ തരൂര്‍ വിജയത്തേക്കാള്‍ ആഘോഷിച്ചു.
പാര്‍ട്ടിയെ എതിര്‍ത്തു മുന്നോട്ടു പോയവന്‍ എന്ന് പുറത്തുനിന്നു തോന്നുമെങ്കിലും അത് അങ്ങനെയായിരുന്നില്ല എന്ന് വിശ്വസിക്കുന്നവരും ഏറെ. നെഹ്റു കുടുംബത്തെ വെല്ലുവിളഇക്കുകയാണോ അതോ നെഹ്റു കുടുംബത്തിനെ സഹായിക്കുകയാണോ തരീര്‍ ചെയ്തത് എന്നത് കൃത്യമായ ഉത്തരത്തിലേക്കെത്താത്ത സമസ്യ തന്നെ. പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് നടന്നു. മല്‍സരം നടന്നു. ജനാധിപത്യ രീതിയില്‍ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞു. വിമത ശബ്ദമുയര്‍ത്തിയവര്‍ക്കാകട്ടെ മല്‍സരത്തില്‍ പങ്കെടുത്തുവെന്ന ആശ്വാസം. ഇതിലെല്ലാം ശശി തരൂര്‍ എന്ന സാന്നിധ്യത്തിന് ചെറുതല്ലാത്ത റോളുണ്ട്. അതുകൊണ്ടാണ് ആ മല്‍സരത്തെ ചിലരെങ്കിലും ഗാന്ധികുടുംബത്തിന്റ അനുഗ്രഹത്തോടെ നടന്ന നാടകം എന്നു വിശ്വസിക്കുന്നത്. പക്ഷേ പാര്‍ട്ടിക്ക് അത് പുത്തനുണര്‍വ് നല്‍കി. കുറഞ്ഞപക്ഷം അധ്യക്ഷനില്ലായമ എന്ന പ്രശ്നം പരിഹരിച്ചു. അവിടെ തുടങ്ങുന്നു തരൂരിന്‍റെ അടുത്ത ഇന്നിംഗ്സ്.
മലബാര്‍ കേന്ദ്രീകരിച്ച് വളരെ വേഗത്തില്‍ ചാര്‍ട്ട് ചെയ്യപ്പെട്ട കുറച്ചധികം പരിപാടികള്‍. എല്ലാത്തിലും ഉദാഘാടകന്‍ ശശി തരൂര്‍ എംപി. മല്ലികാര്‍ജുന്‍ ഖാര്‍ഹെക്കെതിരെ മല്‍സരിച്ചു തോറ്റ ശേഷമുള്ള തരൂരിന്‍റെ കേരള സന്ദര്‍ശനം. ഇതാ തരൂര്‍ സ്വീകരണമേറ്റുവാങ്ങാന്‍ കേരളത്തിലേക്കെത്തുന്നു എന്ന മട്ടില്‍ പെട്ടെന്നൊരു പ്രചാരണം. എംകെ രാഘവന്‍ എംപിയായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. പരിപാടികള്‍ ചാര്‍ട് ചെയ്യപ്പെട്ടു. ഈ ആസൂത്രണം നടക്കുന്ന സമയത്താണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആര്‍എസ്എസ് അനുകൂല വിവാദ പ്രസ്താവനകള്‍ നടത്തുന്നത്. പ്രകോപനത്തിന്‍റെ മൂഡിലേക്കെത്തിയ ലീഗിനെ അനുനയിപ്പിക്കാന്‍ തരൂര്‍ പാണക്കാട്ടേക്ക് എന്ന് എളുപ്പത്തില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ എംകെ രാഘവനും കൂട്ടര്‍ക്കുമായി. പാര്‍ട്ടിക്കുവേണ്ടിയും മുന്നണിക്കുവേണ്ടിയും ഇടപെടല്‍ നടത്താന്‍ കിട്ടിയ സുവര്‍ണാവസരം ശശി തരൂര്‍ കൃത്യമായി ചാര്‍ട് ചെയ്തു. ഇതേ സമയത്ത് പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആഞ്ഞടിച്ചു.
കേരള രാഷ്ട്രീയത്തിലേക്കെത്തിയ ശശി തരൂരും എന്‍എസ്എസും തമ്മില്‍ അത്ര നല്ല ബന്ധമായിരുന്നില്ല അടുത്തകാലം വരെ. എന്നാല്‍ ആ മഞ്ഞുരുക്കാന്‍ തരൂര്‍ പക്ഷത്തിനായി. ഫലം ജനുവരി രണ്ടിന് പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്തു നടക്കുന്ന മന്നം ജയന്തി സമ്മേളനത്തിന്‍റെ ഉദ്ഘാടകനായി സമുദായം തരൂരിനെ തീരുമാനിച്ചു. മലബാങില്‍ ഇരുപതാം തീയതി മുതല്‍ പരിപാടികള്‍ ചാര്‍ട് ചെയ്ത തരൂരിന് തെക്കന്‍ ജില്ലകളിലും വേദികള്‍ ഒരുങ്ങുകയാണ്. പാലായില്‍ കെഎം ചാണ്ടി അനുസ്മരണത്തിലും മുഖ്യാതിഥി.
വീരപരിവേഷത്തോടെ കേരളത്തിലേക്ക് തരൂരിനെ അവതരിപ്പിക്കാന്‍ എംകെ രാഘവന്‍ മുന്നിട്ടിറങ്ങി. കേരള രാഷ്ട്രീയത്തില്‍ തരൂര്‍ അനിവാര്യനാണെന്നും ആ കഴിവുകളെ മുതലെടുക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും പറയാന്‍ എംകെ രാഘവന്‍ മടിച്ചില്ല. ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടുക എന്ന ഒറ്റപ്പെട്ട പ്രവര്‍ത്തനമായിരുന്നു അതെങ്കിലും തരൂര്‍ എന്ന ബ്രാന്‍ഡിന്‍റെ കാര്യത്തില്‍ അത് എളുപ്പമായിരുന്നു. വേഗത്തിലാണ് കാര്യങ്ങള്‍ ചര്‍ച്ചയായത്.
എന്താണ് ശശി തരൂര്‍ ലക്ഷ്യമിടുന്നത്.
താഴെത്തട്ടിൽ സ്വാധീനമില്ലെന്നതാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മൽസരിക്കവേ ശശി തരൂരിനെതിരെ കേരള നേതാക്കൾ ഉയർത്തിയ പ്രധാന ആരോപണം. സംഘടനാതലത്തിൽ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് അതിന് പരിഹാരം കാണുന്നതിനൊപ്പം പൊതുസമൂഹത്തിൽ തനിക്കുള്ള സ്വീകാര്യതയും പിന്തുണയും കൂടി നേട്ടമാക്കി മാറ്റാനാണ് തരൂരിന്റെ തീരുമാനം. കേരളം ലക്ഷ്യമാക്കി കഴിഞ്ഞെന്ന് തരൂരിന്റെ വാക്കുകളിൽ വ്യക്തം.
കണ്ണൂര്‍ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ വ്യാപക പരിപാടികള്‍ സമയബന്ധിതമായി ചാര്‍ട്ട് ചെയ്യപ്പെട്ടു. എന്‍എസ്എസിന്‍റഎ പിന്തുണക്കു പുറമേ ലീഗിന്‍റെ വക പച്ചകൊടി. തരൂരിനെ കോണ്‍ഗ്രസ് കൂടുതലായി ഉപയോഗിക്കണം എന്ന അഭിപ്രായമാണ് ലീഗിന് പണ്ടേ ഉള്ളത്. അതവര്‍ നേതൃത്വത്തോട് പലകുറി തുറന്നു പറഞ്ഞിട്ടുമുള്ളതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സാന്നിധ്യമായല്ല മറിച്ച് നിയമസഭാ തിരഞ്ഞെടുപ്പിലെ സ്റ്റാര്‍ താരമായി തരൂര്‍ എത്തണം എന്ന ആഗ്രഹവും ലീഗിനുണ്ട്. അപ്പോളാണ് അതിനെല്ലാം സഹായകം എന്ന നിലയില്‍ കെ സുധാകരന്‍റെ വക ആര്‍എസ്എസ് അനുകൂല പ്രസ്താവന.
പതിനാലു ജില്ലകളിലും സംഘടിപ്പിക്കാനുദ്ദേശിക്കുന്ന പര്യടന പരിപാടിയുടെ തുടക്കം മലബാറില്‍ നിന്നാക്കാന്‍ ഉദ്ദേശിച്ചതും ലീഗിന്‍റെ പിന്തുണ ലക്ഷ്യംവച്ചുതന്നെ. അപ്പോളേക്ക് കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന് അപകടം മണത്തു. മതനിരപേക്ഷതയും സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോടി ജില്ലാ കമ്മിറ്റി ശശി തരൂരിനെ മുഖ്യാതിഥിയാക്കി പരിപാടി പ്രഖ്യാപിച്ചു. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ തരൂര്‍ എത്തുന്നു എന്ന വാര്‍ത്ത പ്രചരിച്ചതോടെ സെമിനാര്‍ മാറ്റിവച്ചതായി യൂത്ത് കോണ്‍ഗ്രസ്. സംഗതി വിവാദമായി. തരൂരിന് അപ്രഖ്യാപിത വിലക്കെന്നത് ഹോട്ന്യൂസായി. തലക്കെട്ടായി. അങ്ങനെ ശശി തരൂര്‍ ടോക്കിങ് പോയിന്‍റായി. എന്നാല്‍, യൂത്ത് കോണ്‍ഗ്രസിന്‍റെ പിന്‍മാറ്റത്തെക്കുറിച്ച് അവരോടുതന്നെ ചോദിക്കണമെന്ന് തരൂര്‍ പ്രതികരിച്ചു. തനിക്കാരെയും ഭയമില്ല, തന്നെ ആരും ഭയക്കേണ്ടതില്ല. മലബാറിലെ പരിപാടികള്‍ക്ക് അനാവശ്യ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും തരൂര്‍ പറഞ്ഞു.
രാഷ്ട്രീയത്തിൽ സെന്റർ ഫോർവേഡ് കളിക്കാനാഗ്രഹിക്കുന്ന തന്നെ പലരും സൈഡ് ബെഞ്ചിലിരുത്താൻ ശ്രമിക്കുന്നതായി തരൂർ മനേരമ ന്യൂസിനോട് പറഞ്ഞു. രാവിലെ എം.ടിയുടെ വീട്ടിലെത്തി അനുഗ്രഹങ്ങൾ തേടിയാണ് മലബാര്‍ പര്യടനത്തിന് തരൂര്‍ തുടക്കം കുറിച്ചത്. നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയം. എം.ടിയുടെ ചെറുമകനും കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കിട്ടു. സാഹിത്യമാണ് കൂടുതൽ ചർച്ചയായതെന്ന് സന്ദർശനത്തിന് ശേഷം തരൂർ. തന്നെ സൈഡ് ബെഞ്ചിലിരുത്തണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ടെന്ന് തരൂർ മനോരമ ന്യൂസിനോട് പറഞ്ഞു. മാഹിയിലും കോഴിക്കോടുമായി വരും ദിവസങ്ങളില്‍ വിവിധ പരിപാടികള്‍. ബുധനാഴ്ച പാണക്കാട് എത്തി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കാണും. അതേസമയം സെമിനാറിന്റെ സംഘാടക സ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതില്‍ തരൂര്‍ പക്ഷം അന്വേഷണം ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിന്‍മാറിയ സെമിനാര്‍ എന്നാല്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.
സെമിനാര്‍ വേദിയില്‍ കെ സുധാകരന്‍റെ അനുയായിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ റിജില്‍ മാക്കുറ്റിയുടെ സാന്നിധ്യവും. വിവാദത്തിന് പുതിയ തലം നല്‍കിയത് കെ മുരളീധരന്‍റെ പ്രസ്ഥാവനയാണ്. തരൂരിനെ ബഹിഷ്കരിച്ചതിനു പിന്നില്‍ സംസ്ഥാന നേതൃത്വത്തിലെ ചിലരാണെന്ന് മുരളീധരന്‍ തുറന്നടിച്ചു. വിവാദങ്ങവോട് വിഡി സതീശന്‍ പ്രതികരിച്ചില്ല. വിഷയം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞ കെ സുധാകരന്‍ പിന്നാലെ പരസ്യ പ്രസ്താവനകള്‍ നിരോധിച്ചു. വിലക്കിൽ അന്വേഷണ ആവശ്യം ഉയർത്തി ശശി തരൂർ നേതൃത്വത്തെ കൂടുതൽ സമ്മർദ്ദത്തിലുമാക്കി.
രമേശ് ചെന്നിത്തല തരൂരിനെ പൂർണ പിന്തുണ നൽകാത്ത സാഹചര്യത്തിൽ പരസ്യമായി മനസ് തുറക്കാത്ത ഏ ഗ്രൂപ്പിന്റെ ചായ്‍വ് എങ്ങോട്ട് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് സംഘടനയിലെ പ്രമുഖനാകാന്‍ ശശി തരൂരിന് സാധിക്കുമോ. അതാണ് ചര്‍ച്ചയാകുന്ന മറ്റൊരു വിഷയം. ഒപ്പം നില്‍ക്കുന്നവര്‍ക്കുവേണ്ടി മാത്രമല്ല ആര്‍ക്കുവേണ്ടിയും സഹായം ചെയ്യാന്‍ മടിയില്ല എന്നതാണ് തരൂരിന്‍റെ ശക്തി. രാജ്യാന്തരതലത്തിലുള്ള പ്രശസ്തി. അഴിമതിക്കാരനല്ല എന്ന ഇമേജ്. അവയൊക്കെയാണ് തരൂരിന്‍റെ പ്ലസ് പോയിന്റുകള്‍. യുവജനതയും സ്തീ വോട്ടര്‍മാരുമാണ് തരൂരിന്‍റെ ശക്തി. ഒപ്പം രാഷ്ട്രീയത്തിനു പറത്തുനിന്നുള്ളവര്‍ പോലും അംഗീകരിക്കുന്ന വ്യക്തിത്വം എന്ന വസ്തുതയും തരൂരിനെ താരമാക്കുന്നു. എന്നാല്‍ കേരള രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഇതുമാത്രം മതിയോ എന്നതും ചോദ്യം.
പാര്‍ട്ടിക്കാരുടെ പിന്തുണയുറപ്പിക്കാന്‍ കഴിയാത്തത് വലിയൊരു വെല്ലുവിളിയാണ്. കോണ്‍ഗ്രസിലെ തീരുമാനത്തിന്റെ അന്തിമ വാക്ക് ഗാന്ധികുടുംബമാണ് എന്ന വസ്തുത നിലനല്‍ക്കേ തരൂര്‍ അവരുടെ അപ്രിയത്തിന് പാത്രമായിട്ടുണ്ടോ എന്നതും മുന്നോട്ടുള്ള പ്രയാണത്തെ ബാധിക്കുന്ന വിഷയമാണ്. ഗ്രൂപ്പു സമവാക്യങ്ങളിലൂന്നിയാണ് കോണ്‍ഗ്രസ് രാഷ്ട്രീയം മുന്നോട്ടു പോകുന്നത്. വിഡി സതീശനൊരു എതിരാളി എന്ന തരത്തിലാണ് ഇപ്പോള്‍ തരൂരിന്‍റെ രംഗപ്രവേശം ചര്‍ച്ചയാകുന്നത്. പലവഴിക്ക് വിഘടിച്ചു നില്‍ക്കുന്ന ഐ ഗ്രൂപ്പാകട്ടെ നിലപാട് പരസ്യമാക്കിയിട്ടുമില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ തരൂര്‍ എന്താണ് തരൂര്‍ ഇഫക്ട്.
കെ സുധാകരന്‍റെ നിശബ്ദ പിന്തുണ തരൂരിനുണ്ട്. കെ മുരളീധരന്‍ പരസ്യമായി രംഗത്ത്. ലീഗുള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് സ്വീകാര്യന്‍. ഇതൊക്കെ തരൂരിനെ ശക്തനാക്കുന്നു. ബ്ലോക്ക് തലത്തിലുള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് കോണ്‍ഗ്രസിന്‍റെ നട്ടെല്ല്. അവരുടെ വിശ്വാസം നേടിയെടുക്കലും അവരിലൊരാളാകുക എന്നതുമാണ് തരൂര്‍ ലക്ഷ്യമിടുന്നതും. ഗ്രൂപ്പ് രാഷ്ര്ടീയത്തിന് തെല്ലും വിലകല്‍പ്പിക്കാത്ത തരൂര്‍ വികസന ലൈനിലാണ് ഊന്നുന്നത്. അതുകൊണ്ടാണ് അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നേരിടാനുള്ള നേതാവ് എന്ന നിലയില്‍ ശശി തരൂരിനെ ആ ക്യാംപ് ഉയര്‍ത്തിക്കാട്ടുന്നതും. അത് എത്രത്തോളം വിജയിക്കും.
ചടുലമാണ് തരൂരിന്‍റെ പ്രവര്‍ത്തനങ്ങള്‍. ഉന്നത ബന്ധങ്ങള്‍ക്കുടമ. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ രാജ്യാന്തര അതിര്‍ത്തിക്കപ്പുറത്തുവരെ ഇടപെടല്‍ നടത്താനുള്ള കഴിവും പ്രാപ്തിയും. ഇതൊക്കെ തരൂരിന് നല്‍കുന്ന വീരപരിവേഷം ചെറുതല്ല. വളരെ വേഗത്തിലാണ് തരൂരിന്‍റെ വരവ് പ്രഖ്യാപിക്കപ്പെട്ടത്. വേഗത്തിലാണ് പ്രവര്‍ത്തനം എന്നതും ശ്രദ്ധേയം. പ്രവര്‍ത്തകരെ കൂടെക്കൂട്ടി കൂട്ടി മുന്നോട്ടുപോവുക എന്ന കാര്യം വിജയിച്ചാല്‍ ശശി തരൂര്‍ സംഘടനയില്‍ സ്വരമുള്ള ശക്തനാകും. കെസി വേണുഗോപാലിന്‍റെ അനുഗ്രഹമുള്ള വിഡി സതീശന്‍ പക്ഷം എന്തു നീക്കം നടത്തും എന്നത് നിരീക്ഷകര്‍ ആംകാഷയോടെ കാത്തിരിക്കുകയാണ്. ഗ്രൂപ്പില്ലാത്തവരുടെ ഗ്രൂപ്പുകള്‍ ഉയര്‍ന്നുവരുകയും കോണ്‍ഗ്രസില്‍ പുത്തന്‍ പൊട്ടിത്തെറികളുടെ ശബ്ദം കേള്‍ക്കുമോ എന്ന് കണ്ണ് നട്ടിരിക്കകയാണ് എതിരാളികള്‍. എന്തായാലും കേരളത്തിലെ കോണ്‍ഗ്രസില്‍ ആകെ ഒരു അനക്കം ഫീല്‍ ചെയ്തു തുടങ്ങി. ആ വഴിക്കാണ് ചര്‍ച്ചകള്‍.