blast-case

മംഗളുരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണം കേരളത്തിലേക്കു വ്യാപിപ്പിക്കുന്നു. മുഖ്യപ്രതിയായ ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖ് ആലുവയില്‍ താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്. അതിനിടെ കേസ് എന്‍.ഐ.എ ഏറ്റെടുക്കുമെന്നുറപ്പായി. മുഹമ്മദ് ഷാരിഖിനു ഐ.എസ് ബന്ധം സ്ഥിരീകരിച്ചതോടെയാണ് കേസ് കേന്ദ്ര ഏജന്‍സിക്കു കൈമാറാന്‍ കര്‍ണാടക പൊലീസില്‍ തീരുമാനമായത്. ഷാരിഖിന്റെ മൂന്നുസഹായികളുടെ  അറസ്റ്റ് രേഖപ്പെടുത്തി. 

ഷാരിഖിന്റെ ശിവമോഗയിലെ വീട്ടിലും മൈസുരുവിലെ വാടക ഫ്ലാറ്റിലും നടത്തിയ റെയ്ഡില്‍ ബോംബ് നിര്‍മാണ വസ്തുക്കള്‍ കണ്ടെടുത്തു. ഐ.എസ് വേഷത്തില്‍ പ്രഷര്‍ കുക്കര്‍ ബോംബ് കയ്യില്‍പിടിച്ചുനില്‍ക്കുന്ന ഫോട്ടോയും അന്വേഷണ സംഘത്തിനു ലഭിച്ചു. സെപ്റ്റംബര്‍ മുതല്‍ ഇയാളെ കാണാനില്ലെന്നാണു ബന്ധുക്കളുടെ മൊഴി. ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ സെപ്റ്റംബറില്‍ ഷാരിഖ് കോയമ്പത്തൂരിലും ആലുവയിലും എത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇക്കാര്യം കേരള പൊലീസിനെ അറിയിച്ചതിനു പിന്നാലെ നിരവധിയിടങ്ങളില്‍ പരിശോധന നടന്നു. സംസ്ഥാന പൊലീസിന്റെ തീവ്രവാദ വിരുദ്ധവിഭാഗം മംഗളുരുവിലെത്തി പ്രഥമിക വിവരശേഖരണം നടത്തി. മംഗളുരു ബസ് സ്റ്റാന്‍ഡില്‍ വന്‍സഫോടനം ലക്ഷ്യമിട്ടു പോകുന്നതിനിടെ അബദ്ധത്തില്‍ പ്രഷര്‍ കുക്കര്‍ ബോംബ് പൊട്ടുകയായിരുന്നു.

ഷാരിഖ് ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് ഊട്ടി സ്വദേശി സുേരന്ദ്രന്റെ പേരിലാണ്. ഇയാളെ കോയമ്പത്തൂരില്‍ പൊലീസ് ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഷാരിഖ് താമസിച്ചിരുന്ന ഗാന്ധിപുരത്തെ ഹോസ്റ്റല്‍ പൊലീസ് പൂട്ടി സീല്‍ ചെയ്തു. നഗരത്തില്‍ സുരക്ഷ ശക്തമാക്കി. അതിര്‍ത്തികളില്‍ വാഹനങ്ങള്‍ അരിച്ചുപെറുക്കിയാണു കോയമ്പത്തൂരിലേക്കു കടത്തിവിടുന്നത്.