തിരുവനന്തപുരം വര്‍ക്കലയില്‍ കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍ വ്യാജരേഖകളുണ്ടാക്കി കേരള ബാങ്കില്‍ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പിന് ശ്രമം. കുടുംബശ്രീ അംഗങ്ങളുടേതെന്ന പേരില്‍ വ്യാജ അപേക്ഷ നല്‍കി 81 ലക്ഷം രൂപയുടെ വായ്പയെടുക്കാനായിരുന്നു ശ്രമം. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ രണ്ട് സ്ത്രീകളെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വര്‍ക്കല മുനിസിപ്പാലിറ്റിയിലെ പതിനാറാം വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റുകളുടെ പേരിലായിരുന്നു തട്ടിപ്പിന് ശ്രമിച്ചത്.ഇവിടെ 27 കുടുംബശ്രീ യൂണിറ്റുകളുണ്ടാക്കിയെന്ന് ഇവര്‍ക്കായി 81 ലക്ഷം രൂപ വായ്പ നല്‍കണമെന്നും ആവശ്യപ്പെട്ട് കേരള ബാങ്കില്‍ അപേക്ഷ നല്‍കി. മുനിസിപ്പാലിറ്റിയിലെ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ളവരുടെ ലെറ്റര്‍ പാഡും ഒപ്പുമെല്ലാം വ്യാജമായി തയാറാക്കിയായിരുന്നു വായ്പയ്ക്കുള്ള അപേക്ഷ. നൂറിലേറെ അംഗങ്ങളുടെ ഒപ്പും വ്യാജമായി ഇട്ടു. അപേക്ഷയിലെ ഒപ്പിലും സീലിലുമെല്ലാം സംശയം തോന്നിയ കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ മുനിസിപ്പാലിറ്റിയെ വിവരം അറിയിക്കുകയും അവര്‍ പരാതി നല്‍കിയതോടെ കേസെടുക്കുകയുമായിരുന്നു.
പതിനാറാം വാര്‍ഡിലെ സി.ഡി.എസ് അംഗങ്ങളായ സല്‍മ, രേഖാ വിജയന്‍ എന്നിവരാണ് വായ്പ്പയ്ക്കായി ബാങ്കിനെ സമീപിച്ചത്. അതിനാല്‍ ഇവരേയാണ് ഇപ്പോള്‍ പ്രതിചേര്‍ത്തത്. എന്നാല്‍ തട്ടിപ്പിന് പിന്നില്‍ വന്‍സംഘമെന്നാണ് ആരോപണം ഉയരുന്നത്.