nirmala

വിസ്മൃതിയിലായ നിര്‍മലയ്ക്ക് എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഒാര്‍മകളിലൂടെ വീണ്ടെടുപ്പ്. മലയാളത്തിലെ നാലാമത്തെ ശബ്ദസിനിമയായ  നിര്‍മലയുടെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷം ഇന്ന് കൊച്ചിയിലെ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. കേരള ടാക്കീസിന്റെ ബാനറില്‍ ആര്‍ട്ടിസ്റ്റ് പി.ജെ.െചറിയാന്‍ നിര്‍മിച്ച് പി.വി.കൃഷ്ണയ്യര്‍ സംവിധാനം ചെയ്ത നിര്‍മല 1948 ഫെബ്രുവരിയിലാണ് റിലീസ് ചെയ്തത്.

 

ഒരു പ്രിന്റ് പോലും അവശേഷിക്കാതെയാണ് നിര്‍മല എന്ന ചിത്രം ഒാര്‍മയായത്. മലയാള സംഗീത നാടകരംഗത്തെ അമരക്കാരിലൊരാളായിരുന്ന ആര്‍ട്ടിസ്റ്റ് പി.ജെ.ചെറിയാന്റെ ഉടമസ്ഥതയിലുള്ള കേരള ടാക്കീസിന്റെ പ്രഥമ സംരംഭമായിരുന്നു നിര്‍മല. ചെറിയാന്റെ മകനായ ജോസഫ് ചെറിയാനായിരുന്നു ചിത്രത്തിെല നായകന്‍. നായികയ്ക്കായി പലരെയും തേടിയെങ്കിലും ഒടുവില്‍ ജോസഫിന്റെ ഭാര്യ ബേബി ജോസഫ് ആ കഥാപാത്രത്തിലേക്കെത്തി. ആദ്യമായി ഒരു മലയാളി നിര്‍മിച്ച ചിത്രം . മലയാളത്തിലെ ആദ്യ സിനിമ പിന്നണിഗാനവും നിര്‍മലയിലായിരുന്നു. 

 

വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടിസ്റ്റ് പി.ജെ.ചെറിയാന്റെ കൊച്ചുമകന്‍ പി.ജെ.ചെറിയാന്‍ ഒാര്‍മകള്‍ വീണ്ടെടുക്കുമ്പോള്‍ നിര്‍മല എന്ന സിനിമയും അതിന്റെ ്പ്രിന്റും വിസ്മൃതിയിലാണ്.  നിര്‍മലയില്‍ പ്രവര്‍ത്തിച്ചവരില്‍ പിന്നണി പാടി വിമല ബി.വര്‍മ മാത്രമെ ഇന്നുള്ളു. അന്ന് പത്ത് വയസുകാരിയായിരുന്ന വിമലയ്ക്ക് ഇന്ന് പ്രായം എണ്‍പത്തിയേഴ്. എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടിസ്റ്റ് പി.ജെ.ചെറിയാന്റെ പേരിലുള്ള പുരസ്കാരം വിമല ബി.വര്‍മ ഏറ്റുവാങ്ങും.