നേര്യമംഗലം ഭാഗത്ത് തിരച്ചിലിനിറങ്ങിയ പൊലീസുകാർ

നേര്യമംഗലം ഭാഗത്ത് തിരച്ചിലിനിറങ്ങിയ പൊലീസുകാർ

ഇടുക്കി നേര്യമംഗലം വനമേഖലയിൽ തോക്കുധാരികളെ കണ്ടെന്ന ഡ്രൈവറുടെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രദേശത്ത് ഊർജിത തിരച്ചിൽ .  കൊച്ചി ധനുഷ്‌കോടി ദേശീയപാതയോരത്ത് നേര്യമംഗലം അഞ്ചാം മൈൽ ഭാഗത്ത് തോക്കുധാരികളെ കണ്ടെന്നാണ് വെളിപ്പെടുത്തൽ. മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ്  ഡ്രൈവർ നൽകിയ വിവരം.

 

 ഇന്നലെ പുലർച്ചെ 4 മണിയോടെ നേര്യമംഗലം അഞ്ചാം മൈൽ ഭാഗത്തുകൂടി അടിമാലി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് നാലംഗസംഘത്തെ കണ്ടു എന്ന് വെളിപ്പെടുത്തിയത്. പട്ടാളത്തിന് സമാനമായ വേഷം ധരിച്ച നാലംഗ സംഘത്തിൽ ഒരാൾ സ്ത്രീയെന്നാണ് മൊഴി. വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പും പൊലീസും ഇന്നലെ മുതൽ മേഖലയിൽ പരിശോധന ആരംഭിച്ചു.

 

വാളറ റേഞ്ചിന് കീഴിലുള്ള ആദിവാസികുടികൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അഞ്ചാം മൈൽകുടി, കുളമാങ്കുഴി കുടി എന്നിവിടങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചു. എന്നാൽ ആദിവാസികൾക്ക് ഇത് സംബന്ധിച്ച് വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മലയാറ്റൂരുമായി ബന്ധപ്പെടുന്ന വനമേഖലയിൽ ഇന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. പോലീസും പരിശോധനയിൽ പങ്കാളികളാകുന്നുണ്ട്. മാവോയിസ് സംഘമാണെന്ന അഭ്യൂഹം പ്രദേശത്ത് പരക്കുന്നുണ്ട്. എന്നാൽ നായാട്ട് സംഘമാണോ എന്നാണ് വനംവകുപ്പിന്റെ സംശയം.

 

Search for maoists in Neriamangalam Forest Area